വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

Wed, 18-09-2013 02:22:00 PM ;
തിരുവനന്തപുരം

Veliyam Bhargavanമുതിര്‍ന്ന സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചൊവാഴ്ച രാത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

 

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആശാന്‍ എന്നറിയപ്പെട്ടിരുന്ന വെളിയം 1998 മുതല്‍ 2010 വരെ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. 1957-ല്‍ ചടയമംഗലത്ത് നിന്ന് ആദ്യ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഭയിലെ പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു. സഭയില്‍ തോപ്പില്‍ ഭാസി, എ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ജിഞ്ചര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന യുവ എല്‍.എല്‍.എ സംഘത്തിലെ ഒരാളായിരുന്നു വെളിയം. 1960-ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

 

1928-ല്‍ കൊല്ലം ജില്ലയില്‍ വെളിയത്ത് ജനിച്ച അദ്ദേഹം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. 1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1971 മുതല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. 1984 മുതല്‍ 1998 വരെ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന അദ്ദേഹം പി.കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ സെക്രട്ടറി പദത്തില്‍ എത്തുന്നത്.

 

ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ലയിക്കണം എന്ന നിലപാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കിലും സി.പി.ഐ.എമ്മുമായുള്ള നയപ്രശ്നങ്ങളില്‍ തുറന്ന അഭിപ്രായ പ്രകടനത്തിനും അദ്ദേഹം മടി കാട്ടിയിരുന്നില്ല. പിളര്‍പ്പിന് ശേഷമുള്ള കാലഘട്ടത്തില്‍ സി.പി.ഐയുടെ ഏറ്റവും കരുത്തനായ സെക്രട്ടറി ആയി അദ്ദേഹം കരുതപ്പെടുന്നു.

 

സംസ്കൃത പണ്ഡിതനായ വെളിയം ചെറുപ്പകാലത്ത് ആത്മീയ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച ശേഷമാണ് വിപ്ലവ പാതയിലേക്ക് മാറിയത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയായിരുന്നു.

Tags: