കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ജാമാതാവ് റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വദ്രയുടെ കമ്പനികള്‍ ഹരിയാനയില്‍ കൃഷിഭൂമി വാങ്ങിയത് സംബന്ധിച്ചാണ് ആരോപണം. ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വദ്രയുടെ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിച്ചതും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇടപാടില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങളും അഴിമതി വിരുദ്ധ നിയമത്തിന്റെ ലംഘനവും നടന്നതായാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. 20,000 കോടി രൂപ മതിപ്പ് കണക്കാക്കാവുന്ന അഴിമതിയാണിതെന്നും ശര്‍മ ആരോപിച്ചിരുന്നു.
റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ച് ആഡിറ്റും അന്വേഷണവും നിര്‍ത്തിവെക്കാന്‍ ഇപ്പോഴത്തെ സി.എ.ജി ശശികാന്ത് വര്‍മ ഉത്തരവിട്ടതാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. സി.എ.ജി ആയി വര്‍മയുടെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ടും നേരത്തെ ശര്‍മ ഹര്‍ജി നല്‍കിയിരുന്നു.