ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാനൊരുങ്ങിയ കേന്ദ്രമന്ത്രിയും പ്രശസ്ത തെലുങ്കു നടനുമായ ചിരഞ്ജീവിയെ യുവവോട്ടര്‍ പോളിംഗ് ബൂത്തില്‍ തടഞ്ഞു. ഭാര്യക്കും മകനുമൊപ്പം വോട്ട് ചെയ്യാനെത്തിയ ചിരഞ്ജീവി ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിച്ചത്. യുവാവിനോട് മാപ്പു പറഞ്ഞ ചിരഞ്ചീവി പിന്നീട് ക്യുവില്‍ നിന്ന് വോട്ടു ചെയ്‌തു.
ഇന്ന് രാവിലെ പത്തോടെ ഹൈദരാബാദിലെ ഖൈരത്താബാദ് മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാര്യക്കും മകനും തെലുങ്ക് ചലച്ചിത്ര താരവുമായ രാം ചരണ്‍ തേജയ്‌ക്കുമൊപ്പമാണ് ചിരഞ്ജീവി വോട്ടുചെയ്യാനെത്തിയത്. ആദ്യം ക്യൂവില്‍ നില്‍ക്കാന്‍ ചിരഞ്ജീവി തയ്യാറായെങ്കിലും കൂടെയുണ്ടായിരുന്നവരുടെ നിര്‍ബന്ധ പ്രകാരം മുന്നോട്ടു വരികയായിരുന്നു.
ക്യൂ തെറ്റിച്ച് ചിരഞ്ചീവി വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതു കണ്ട കാര്‍ത്തിക് എന്ന യുവാവാണ് സീനിയര്‍ സിറ്റിസണ്‍ അല്ലാത്തതിനാല്‍ ക്യൂവില്‍ നില്‍ക്കാനാവാതെ വോട്ടു ചെയ്യാനാവില്ലെന്ന് ചിരഞ്ജീവിയോട് പറഞ്ഞത്. നിങ്ങള്‍ക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ചിരഞ്ജീവിയോട് ചോദിച്ച യുവാവ് കേന്ദ്ര മന്ത്രിയാണെങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞു. ലണ്ടനില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയ താന്‍ ഒരു മണിക്കൂറായി ക്യൂവില്‍ നില്‍ക്കുകയാണെന്നും യുവാവ് പറഞ്ഞു.
കാര്‍ത്തിക്കിന്റെ പ്രതികരണം കണ്ട ക്യൂവിലുണ്ടായിരുന്ന മറ്റു വോട്ടര്‍മാര്‍ കയ്യടിച്ച് പിന്തുണ പ്രഖ്യാപിച്ചതോടെ ചിരഞ്ജീവി മാപ്പു പറഞ്ഞ് പിന്‍മാറി. ഇതേസമയം താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടോയെന്ന് നോക്കാനാണ് പോളിംഗ് ബൂത്തിലേക്ക് പോയതെന്നും ചിരഞ്ജീവി പിന്നീട് പ്രതികരിച്ചു.