Skip to main content
കൊളംബോ

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതരുമായി ഖുര്‍ഷിദ് ചര്‍ച്ച നടത്തും. ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ മോചനം, പ്രവിശ്യകളിലെ അധികാരക്കൈമാറ്റം തുടങ്ങിയവയായിരിക്കും ചര്‍ച്ചകളിലെ മുഖ്യ വിഷയം.

 

ശ്രീലങ്കന്‍ സാമൂഹ്യ സേവന വകുപ്പ് മന്ത്രി ഫെലിക്സ് പെരേര, കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വൈ.കെ സിന്‍ഹ തുടങ്ങിയവര്‍ ഖുര്‍ഷിദിനെ സ്വീകരിച്ചു. ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യാ കൗണ്‍സിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സഖ്യത്തിന്‍റെ  (ടി.എന്‍.എ) വിജയത്തിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്.

 

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ, വിദേശകാര്യമന്ത്രി ജി.എല്‍ പെരിസ് തുടങ്ങിയ നേതാക്കളുമായി ഖുര്‍ഷിദ് നടത്തും. ചൊവാഴ്ച ഖുര്‍ഷിദ് വടക്കന്‍ പ്രവിശ്യാ തലസ്ഥാനമായ ജാഫ്ന സന്ദര്‍ശിക്കുന്നുണ്ട്. തമിഴ് ജനതയ്ക്ക് അധികാരവിഭജനം ഉറപ്പുനല്‍കുന്ന 1987-ലെ ഇന്തോ-ലങ്ക ഒത്തുതീര്‍പ്പിന്റെ പതിമൂന്നാം ഭേദഗതി പൂര്‍ണമായും അംഗീകരിക്കുക എന്നതായിരിക്കും ഇത്തവണത്തെ മുഖ്യ ചര്‍ച്ചാ വിഷയം എന്നാണു സൂചന. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കല്‍, വാണിജ്യ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.