Skip to main content
ന്യൂഡല്‍ഹി

ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യസഭ തിങ്കളാഴ്ച പാസ്സാക്കി. ലോക് സഭ കഴിഞ്ഞ തിങ്കളാഴ്ച ബില്‍ പാസ്സാക്കിയിരുന്നു. പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത നിയമം ഉറപ്പ് നല്‍കുന്നു.

 

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമെന്ന് കരുതുന്ന നിയമം എന്നാല്‍, സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയിലധികം രൂപ പദ്ധതിയുടെ പ്രതീക്ഷിത ചിലവ്. ഇതില്‍ പതിനായിരം കോടി രൂപ മാത്രമേ സര്‍ക്കാറിന് ഇപ്പോള്‍ ചിലവാക്കുന്നതില്‍ നിന്നും അധികമായി വരികയുള്ളൂ എന്നാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി കെ.വി. തോമസ്‌ പറയുന്നത്. പക്ഷേ ലോക് സഭ ബില്‍ പാസ്സാക്കി പിറ്റേദിവസം ഓഹരിവിപണി രൂപയും കനത്ത തകര്‍ച്ച നേരിട്ടിരുന്നു.

 

നിലവിലുള്ള പദ്ധതികളെ പുതിയ പാക്കേജില്‍ അവതരിപ്പിക്കുക മാത്രമാണ് ബില്‍ ചെയ്യുന്നതെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ബി.ജെ.പിയിലെ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ബില്ലില്‍ അനുവദിച്ചിരിക്കുന്ന തുക മുന്‍പത്തേതിലും കുറവാണെന്നും ജെയ്റ്റ്ലി ആരോപിച്ചു. 67 ശതമാനത്തിന് പകരം മുഴുവന്‍ ജനങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

 

കിലോഗ്രാമിന് മൂന്ന്‍ രൂപ നിരക്കില്‍ അരി, രണ്ടു രൂപാ നിരക്കില്‍ ഗോതമ്പ്,  ഒരു രൂപക്ക് ഭക്ഷ്യധാന്യം എന്നിവയില്‍ ഏതെങ്കിലും മാസം അഞ്ചു കിലോ നല്‍കുന്നതാണ് പദ്ധതി. നിശ്ചിത പൊതുവിതരണ വ്യവസ്ഥയിലൂടെ ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളാണ് 82 കോടി വരുന്ന ഉപയോക്താക്കളെ കണ്ടെത്തുക.