Skip to main content
ന്യൂഡല്‍ഹി

ഇന്ത്യയടക്കം 21 രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടി എഡ്വേര്‍ഡ് സ്നോഡന്‍ അപേക്ഷകള്‍ നല്‍കിയതായി വികിലീക്സ് വെളിപ്പെടുത്തി. അപേക്ഷ നിരസിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് യു.എസ് പദ്ധതിയെ ന്യായീകരിച്ചിട്ടുണ്ട്. എന്നാല്‍, സ്നോഡന്‍ പുറത്തുവിട്ട യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരശേഖരണ പദ്ധതിയില്‍ ഇന്ത്യയുടേതടക്കം യു.എസ്സിലെ 38 സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്ന് വിവരം ചോര്‍ത്തിയതായി ബ്രിട്ടിഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയല്ല യു.എസ് ചെയ്യുന്നതെന്നും ടെലിഫോണ്‍ സംഭാഷണങ്ങളുടെയും ഇന്റര്‍നെറ്റ്‌ വിവരങ്ങളുടേയും കംപ്യൂട്ടര്‍ വിശകലനമാണിതെന്നും ബ്രുണെയില്‍ സല്‍മാന്‍ ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളിലൂടെ പല  രാജ്യങ്ങളിലും തീവ്രവാദ ആക്രമണങ്ങള്‍ തടയാന്‍ യു.എസ്സിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്രുണെയില്‍ ഏഷ്യന്‍ സുരക്ഷാ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഖുര്‍ഷിദ്.

 

യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രിസം എന്ന വിവരശേഖരണ പദ്ധതി സംബന്ധിച്ച് സ്നോഡന്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയമടക്കമുള്ളവയില്‍ യു.എസ് വിവരശേഖരണം നടത്തിയതായി ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയത്. ഈ പദ്ധതിയില്‍ ഏറ്റവും കൊടുത്താല്‍ വിവരശേഖരണം നടത്തപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായിരുന്നു ഇന്ത്യ.  സ്വകാര്യതയുടെ ലംഘനം അസ്വീകാര്യമാണെന്നായിരുന്നു നേരത്തെ ഇന്ത്യയുടെ നിലപാട്. എന്നാല്‍, ജൂണ്‍ അവസാനം യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

 

യു.എസ്സില്‍ ചാരവൃത്തി കുറ്റം ആരോപിക്കപ്പെട്ട സ്നോഡന്‍ നിലവില്‍ മോസ്കോ വിമാനത്താവളത്തില്‍ കഴിയുകയാണ്. ആസ്ത്രിയ, ബൊളിവിയ, ബ്രസീല്‍, ചൈന, ക്യൂബ, ഫിന്‍ലന്‍ഡ്‌, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, അയര്‍ലണ്ട്, നെതര്‍ലന്‍ഡ്‌സ്‌, നിക്കരാഗ്വ, നോര്‍വേ, പോളണ്ട്, റഷ്യ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, വെനിസ്വെല എന്നിവയാണ് സ്നോഡന്‍ അഭയം തേടിയതായി വികിലീക്സ് വെളിപ്പെടുത്തിയ ഇന്ത്യക്ക് പുറമെയുള്ള രാജ്യ്നഗല്‍. ഇക്വഡോറിലും ഐസ്ലാണ്ടിലും അപേക്ഷ സമര്‍പ്പിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Tags