Skip to main content

ബെംഗലൂരു: ഏഴു വര്‍ഷത്തിനു ശേഷം കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലേക്ക്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലെത്തിയ സംസ്ഥാനത്ത് ബി.ജെ.പിക്ക് ദയനീയ പരാജയം. ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്ന്‍ പുതിയ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കര്‍ണ്ണാടക ജനതാ പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു.

 

തെരഞ്ഞെടുപ്പ് നടന്ന 223 സീറ്റുകളില്‍ 119 എണ്ണത്തില്‍ വിജയിക്കുകയും രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിനാവശ്യമായ 112 മറികടന്നു. വോട്ടെണ്ണല്‍ വേളയില്‍ കടുത്ത മത്സരം നടന്നത് രണ്ടാം സ്ഥാനത്തിനായാണ്. 40 സീറ്റുകളില്‍ വിജയിച്ച ജനതാദള്‍ സെക്കുലറും 38 സീറ്റുകളില്‍ വിജയിക്കുകയും രണ്ടെണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന ബി.ജെ.പിയും പ്രതിപക്ഷത്തിരിക്കുമെങ്കിലും നേതൃസ്ഥാനം ആര്‍ക്കു ലഭിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

 

ബി.ജെ.പിയെ തറപറ്റിക്കുക എന്ന ലക്ഷ്യം നേടാനായെങ്കിലും യെദ്ദ്യൂരപ്പയുടെ കെ.ജെ.പിക്ക് സീറ്റുകള്‍ അധികം നേടാനായില്ല. ഫലമറിഞ്ഞതില്‍ ആറു സീറ്റില്‍ വിജയിച്ച പാര്‍ട്ടി മാറ്റ് രണ്ടു സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. എങ്കിലും വോട്ടുകള്‍ പിളര്‍ത്തുക വഴി ബി.ജെ.പിയുടെ പരാജയത്തിനു പ്രധാന പങ്കു വഹിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ 110 സീറ്റുകളോടെയാണ് ബി.ജെ.പി. ഇവിടെ അധികാരത്തിലെത്തിയത്. എന്നാല്‍, ബെല്ലാരിയിലെ റെഡ്ഡി സഹോദരരുടെ ഖനന സാമ്രാജ്യവും മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെട്ട അഴിമതി കേസുകളും അധികാര വടംവലികളും പിളര്‍പ്പുമെല്ലാം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. യെദ്യൂരപ്പക്ക് പുറമേ ഡി.വി സദാനന്ദ ഗൌഡ, ജഗദീഷ് ഷേട്ടാര്‍ എന്നിവരും ഇക്കാലയളവില്‍ മുഖ്യമന്ത്രിമാരായി വന്നു.