ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി എന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സയ്യിദ് ലിയാഖത് ഷാ (40) തീവ്രവാദി അല്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ്. തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് ലിയാഖത് ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന വിവരം ഡല്‍ഹി പോലീസിനെ തങ്ങള്‍ അറിയിച്ചിരുന്നെന്നും അവര്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോക്കും ഈ വിവരം അറിയാമായിരുന്നെന്നും ഒരു ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വഴി ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂറില്‍ നിന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ ലിയാഖത്തിനെ മാര്‍ച്ച് 20ന് അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം ന്യൂഡല്‍ഹി ജമാ മസ്ജിദിനടുത്ത് നിന്ന് സ്ഫോടകവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഹോളിയോടനുബന്ധിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ ആസൂത്രണം ചെയ്യുന്ന ഫിദായീന്‍ ആക്രമണത്തിനുള്ളതാണ് സ്ഫോടകവസ്തുക്കള്‍ എന്നാണ് ഡല്‍ഹി പോലീസിന്റെ നിഗമനം. ഇന്ത്യ ഗേറ്റ്, കരോള്‍ ബാഗ്, ചാന്ദ്നി ചൌക്ക്, ഷോപ്പിംഗ് മാളുകള്‍ എന്നിവയാണ് ആക്രമണ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. ഈ ആക്രമണങ്ങളെ സഹായിക്കാനാണ് ലിയാഖത് എത്തിയതെന്നാണ് ഡല്‍ഹി പോലീസിന്റെ ഭാഷ്യം.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഭാര്യക്കും 19 കാരിയായ മകള്‍ക്കുമൊപ്പം ലിയാഖത് ഇന്ത്യയിലേക്ക് വന്നതെന്ന് ലിയാഖത്തിന്റെ ആദ്യഭാര്യ അമീന ബീഗം പറഞ്ഞു. കുപ്വാര ജില്ലാ അധികാരികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലിയാഖത് പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി വന്നതെന്നും അവര്‍ അറിയിച്ചു.