Skip to main content

ഒരു നക്ഷത്രത്തിന് ചുറ്റും ഭൂമിയുടെ വലിപ്പത്തിലുള്ള ഏഴു ഗ്രഹങ്ങളെ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ സ്പിറ്റ്സര്‍ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ഇവയില്‍ മൂന്നെണ്ണം ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള ഇടത്തിലാണ്.  

 

സൌരയൂഥത്തിന് പുറത്ത് ഒരു നക്ഷത്രത്തിന് ചുറ്റും വാസയോഗ്യമായ ഇത്രയും ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഏഴും ശിലാമയ ഗ്രഹങ്ങളാണെന്ന് കണക്കാക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ജലത്തിന്റെ സാന്നിദ്ധ്യം ഏഴിലും ഉണ്ടാകാമെങ്കിലും മൂന്നെണ്ണത്തിലാണ് നക്ഷത്രത്തില്‍ നിന്നുള്ള അകലം പരിഗണിക്കുമ്പോള്‍ ഏറ്റവും സാദ്ധ്യത.

 

ഭൂമിയില്‍ നിന്ന്‍ 40 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ട്രാപ്പിസ്റ്റ്-1 എന്ന്‍ പേരിട്ടിരിക്കുന്ന നക്ഷത്രയൂഥത്തെ കണ്ടെത്തിയിരിക്കുന്നത്. ചിലെയിലെ ട്രാപ്പിസ്റ്റ് എന്ന ദൂരദര്‍ശിനിയാണ് 2016 മെയില്‍ ഇതിലെ മൂന്ന്‍ ഗ്രഹങ്ങളെ ആദ്യം കണ്ടെത്തിയത്. പിന്നീട്, കരയിലെ വിവിധ ദൂരദര്‍ശിനികളുടെ സഹായത്തോടെ ഇവയെ 500 മണിക്കൂറോളം നിരീക്ഷിച്ച നാസയുടെ സ്പിറ്റ്സര്‍ മറ്റുള്ളവയും കണ്ടെത്തുകയായിരുന്നു.  

 

സൂര്യനില്‍ നിന്ന്‍ വ്യത്യസ്തമായി അതിയായ തണുത്ത കുള്ളന്‍ നക്ഷത്രമാണ് ട്രാപ്പിസ്റ്റ്-1. അടുത്തുള്ള ഗ്രഹങ്ങളില്‍ പോലും ജലം ദ്രാവക രൂപത്തില്‍ തന്നെ കാണപ്പെടാന്‍ ഇതിനാല്‍ സാദ്ധ്യതയുണ്ട്. സൌരയൂഥത്തില്‍ സൂര്യന് ഏറ്റവും അടുത്തുള്ള ബുധനേക്കാളും കുറഞ്ഞ അകലത്തിലാണ് ട്രാപ്പിസ്റ്റ്-1ന് ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളും.