ഭൂമിയുടെ പതിനേഴിരട്ടി ഭാരവും രണ്ടര ഇരട്ടിയോളം വലിപ്പവുമുള്ള ശിലാമയ ഗ്രഹത്തെ വാനശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന്‍ 560 പ്രകാശവര്‍ഷങ്ങള്‍ അകലെ ഡ്രാക്കോ എന്ന നക്ഷത്രക്കൂട്ടത്തില്‍ സൂര്യനെ പോലുള്ള നക്ഷത്രത്തെ 45 ദിവസത്തിലൊരിക്കല്‍ വലംവെക്കുന്ന ഗ്രഹത്തിന് കെപ്ലര്‍ 10-സി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച നിലവിലുള്ള സിദ്ധാന്തങ്ങളുമായി ചേര്‍ന്ന്‍ പോകുന്നതല്ല ഈ ഗ്രഹത്തിന്റെ സ്ഥാനവും വലിപ്പവും.
ഗ്രഹങ്ങള്‍ വലിപ്പം വെക്കുന്തോറും ഹൈഡ്രജന്‍ വാതകം നിറഞ്ഞ് സൌരയൂഥത്തിലെ വ്യാഴത്തെപ്പോലെ വാതകഗോളമായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഈ ഗ്രഹം ഖരരൂപത്തില്‍ ആണെന്ന് മാത്രമല്ല ഇതിന് മുന്‍പ് കണ്ടെത്തിയിട്ടുള്ള ശിലാമയ ഗ്രഹങ്ങളെക്കാളും വലുതാണ്. ഒരു ഗ്രഹം പാറകള്‍ നിറഞ്ഞതാണെങ്കില്‍ അവിടെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള നിഗമനം.
ഭൂമിയുടെ മൂന്നിരട്ടി പിണ്ഡമുള്ള ലാവ നിറഞ്ഞ കെപ്ലര്‍ 10-ബിയും ഈ നക്ഷത്ര സമൂഹത്തില്‍ തന്നെയാണ്. 20 മണിക്കൂര്‍ മാത്രമാണ് ഈ ഗ്രഹം നക്ഷത്രത്തെ വലംവെക്കുന്നതിന് എടുക്കുന്ന സമയം.
യു.എസ് ബഹിരാകാശ ഏജന്‍സി നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്ത നാസയിലേയും ഹവാഡ്-സ്മിത്ത്സോണിയന്‍ സെന്റര്‍ ഫോര്‍ അസ്ട്രോഫിസിക്സിലേയും ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭൂമിയ്ക്ക് പുറത്തെ ജീവന്റെ സാദ്ധ്യതകള്‍ തേടി ബഹിരാകാശത്ത് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് കെപ്ലര്‍ ദൂരദര്‍ശിനി.