Skip to main content
ജോഹന്നാസ്ബര്‍ഗ്

 

ദക്ഷിണാഫ്രിക്കയില്‍ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 2.4 കോടി വോട്ടര്‍മ്മാരാണ് ഇന്ന് (ബുധനാഴ്ച) നടക്കുന്ന അഞ്ചാമത് ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ആകെ ജനസംഖ്യയുടെ പകുതിയാണിത്. ഇത്തവണയും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എ.എന്‍.സി). നെല്‍സണ്‍ മണ്ടേലയുടെ മരണശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.

 

എ.എന്‍.സിയെ കൂടാതെ വര്‍ണവിവേചനത്തിനെതിരെ പോരാടിയ ഹെലന്‍ സിലെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് അലയന്‍സ്, മുന്‍ എ.എന്‍.സി യുവനേതാവ് ജൂലിയസ് മെലേമ നേതൃത്വം നല്‍കുന്ന ഇക്കണോമിക്‌സ് ഫ്രീഡം പാര്‍ട്ടി എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. പ്രസിഡന്റ് ജേക്കബ് സുമ കന്ദലയിലും ഹെലന്‍ സിലെ കേപ് ടൗണിലും വോട്ട് രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കു മുന്‍പ് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കഴിയും.

 

പോളിംഗ് ബൂത്തുകള്‍ക്കു നേരെ ആക്രമണ സാധ്യതയുള്ളതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ബൂത്തുകള്‍. പ്രദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് 14 മണിക്കൂര്‍ നീളും. രാജ്യത്തെമ്പാടുമായി 22,000 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍, ആരധനാലയങ്ങള്‍, ഗോത്ര ഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്കു പുറമേ ഒറ്റപ്പെട്ട മേഖലകളില്‍ വാഹനങ്ങളിലായി സഞ്ചരിക്കുന്ന ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്.