ചൊവ്വാ ഗ്രഹത്തില്‍ പ്രാചീന ശുദ്ധജല തടാകമുണ്ടായിരുന്നതിന് നേരിട്ടുള്ള തെളിവുകള്‍ ആദ്യമായി ലഭിച്ചതായി യു.എസ് ബഹിരാകാശ ഏജന്‍സി നാസ. ഭൂമിയുടെ ഈ അയല്‍ഗ്രഹത്തില്‍ 360 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവന്‍ ഉണ്ടായിരുന്നേക്കാമെന്നതിന്റെ ഏറ്റവും ശക്തമായ സൂചനയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
നാസയുടെ മാര്‍സ് സയന്‍സ് ലബോറട്ടറിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ പര്യവേഷണം നടത്തുന്ന ക്യുരിയോസിറ്റി ശേഖരിച്ച എക്കല്‍ ശിലകള്‍ പഠിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപം ഗെയില്‍ എന്ന്‍ വിളിക്കുന്ന അഗ്നിപര്‍വത മുഖത്ത് നിന്നാണ് ഈ ശിലകള്‍ ശേഖരിച്ചത്. നടുവില്‍ ഒരു പര്‍വ്വതത്തോട് കൂടിയ ഈ ഗര്‍ത്തം 360 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തടാകത്തെയെങ്കിലും ഉള്‍ക്കൊണ്ടിരിക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
തടാകം ലക്ഷക്കണക്കിന് വര്‍ഷം നിലനിന്നതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ശുദ്ധജലവും പ്രധാന ജൈവ മൂലകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവയും തടാകത്തില്‍ അടങ്ങിയിരുന്നതായി വിശകലനം സൂചിപ്പിക്കുന്നു. സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാന്‍ തികച്ചും അനുകൂലമായ സാഹചര്യമാണിത്.
ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ പ്രൊഫസറും ഇന്ത്യന്‍ വംശജനുമായ സഞ്ജീവ് ഗുപ്തയും നാസയുടെ സംഘത്തില്‍ അംഗമായിരുന്നു. ഇവരുടെ മുന്‍ പഠനങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തിലെ മറ്റ് ശിലകളിലും ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിന് തെളിവുകള്‍ കണ്ടെത്തിയിരുന്നു. സയന്‍സ് ജേണലില്‍ പുതിയ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.