അച്ഛന്‍ ആരെന്നറിയാതെ

Thursday, December 19, 2013 - 5:24pm
ഡോ. സി.ജി ഗീത
പാഠശാല
ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.സി.ജി ഗീത തന്റെ വിദ്യാര്‍ഥികളെക്കുറിച്ച്.

തിങ്കളാഴ്ച സ്‌കൂളിലെത്തി ആദ്യം ഞാൻ അന്വേഷിച്ചത് ഡയാനയെയാണ്. ഉറക്കത്തിൽ നിന്നും വിളിക്കരുതെന്ന് പറഞ്ഞിരുന്നതുകൊണ്ട് വാർഡൻ അവളെ അന്നും വിളിച്ചിരുന്നില്ല. ഞായറാഴ്ച മുഴുവൻ അവൾ ഉറക്കത്തിലായിരുന്നു. തിങ്കളാഴ്ചത്തെ അസംബ്ലിക്ക് അവളുടെ പുഞ്ചിരിക്കുന്ന മുഖം ഞാൻ മിസ് ചെയ്തു.

 

ഏകദേശം ഉച്ചകഴിഞ്ഞപ്പോൾ ഡയാന ഉറക്കമുണർന്നു. മെസ് ഹാളിൽ പോയി ഭക്ഷണവും കഴിച്ച് അവൾ നേരെ എന്റെ മുറിയിൽ വന്നു. ക്ലാസ് അറ്റൻഡ് ചെയ്യാതിരിക്കാനുള്ള പെർമിഷനു വേണ്ടിയായിരുന്നു ആ വരവ്. കൂട്ടത്തിൽ ഞാൻ വീട്ടിൽ പോകുന്നതു വരെ എന്റെ റൂമിൽ ഇരുന്നോട്ടെ എന്നൊരാവശ്യവും. കുളിച്ച്, ഡ്രസ് മാറി വന്നാൽ ഇവിടെയിരുത്താമെന്നായി ഞാൻ. എപ്പോഴത്തെയും പോലെ കുളിച്ചു സുന്ദരിയായി നറുമണം ചുറ്റും പരത്തി എന്റെ അനുസരണയുള്ള കുട്ടിയായി അവൾ വന്നു. പിന്നീട് അന്നത്തെ ദിവസത്തെ എന്റെ എല്ലാ ജോലിയും ഞാൻ മാറ്റിവെച്ചു. പതിവായി എല്ലാ ആഴ്ചയും നടക്കാറുള്ള സ്റ്റാഫ് മീറ്റിങ്ങിന്റെ ദിവസം കൂടിയായിരുന്നു അന്ന്. കലണ്ടർ കൃത്യമായി ഫോളോ ചെയ്യാൻ നിർബന്ധം കാട്ടിയിരുന്ന ഞാൻ അന്ന് ഡയാനയ്ക്കു വേണ്ടി സ്റ്റാഫ് മീറ്റിങ് മാറ്റിവെച്ചതായി ടീച്ചേഴ്‌സിനെ അറിയിച്ചുകൊണ്ട് സർക്കുലർ അയച്ചു. ഒരധ്യാപിക എന്ന നിലയിലും ഒരമ്മ എന്ന നിലയിലും ഈ കുട്ടിക്കുവേണ്ടി ഒരു ദിവസം മാറ്റിവെക്കേണ്ടത് ജീവിതത്തിൽ ഏറ്റവും വലിയ പുണ്യപ്രവൃത്തിയായി എനിക്ക് തോന്നി.

 

ഡയാന വളരെ നോർമൽ ആയി കാണപ്പെട്ടു. പതുക്കെ പതുക്കെ അവൾ എന്നോട് മനസ്സു തുറക്കാൻ ഒരുങ്ങി. രണ്ടുതവണ എന്നെ കെട്ടിപ്പിടിച്ച് സോറി മാം പറഞ്ഞു. അവളുടെ മനസ്സിനെ ഒന്നളക്കാനായി നീ എന്തു തെറ്റുചെയ്തിട്ടാണ് സോറി പറയുന്നതെന്ന് ഞാൻ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ ഈ കുട്ടിക്ക് പൂർണമായും ഓർമയുണ്ടോ എന്നും ഞാൻ സംശയിച്ചിരുന്നു. അവളുടെ സംഭാഷണത്തിൽ നിന്നും ഇന്നലെ അവൾ മോശമായി പെരുമാറിയതു തെറ്റാണെന്ന തികഞ്ഞ ബോധം ഉള്ളിലുണ്ടെന്നെനിക്ക് വ്യക്തമായി. ഞങ്ങളുടെ സംഭാഷണം നീളും തോറും ഡയാന കരയാൻ ആരംഭിച്ചു. അവളുടെ കണ്ണുനീർ എന്നിലെ മാതൃമനസ്സിൽ അലകളുയർത്തിയെങ്കിലും എന്റെ ഔദ്യോഗിക ഉത്തരവാദിത്വം അതിനും മേലെ അവളുടെ വാക്കുകളെ സ്വാധീനിച്ചു. ഞാനവളെയും കൊണ്ട് എന്റെ റൂമിൽ വിസിറ്റേഴ്‌സിനു വേണ്ടി ഇട്ടിട്ടുള്ള സോഫയിലേക്ക് മാറിയിരുന്നു. എന്റെ തോളിൽ തലചായ്ച്ച് കരയുന്ന അവളെ സ്‌നേഹത്തോടെ ചേർത്തുപിടിച്ചു പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. ഹോസ്റ്റൽ എന്നത് ഒരു കമ്മ്യൂണിറ്റി വിങ് ആണെന്നും അവിടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും പാടില്ല എന്നുമായിരുന്നു സാരം. സ്‌കൂൾ എന്നു പറയുന്നത് ഹോസ്റ്റലിന്റെ ഒരു എക്സ്റ്റൻഷൻ ആണ്. ഹോസ്റ്റലിൽ കുറച്ചു അന്തേവാസികളും സ്‌കൂളിൽ ഡേ സ്‌കോളേഴ്‌സും കൂടി അടങ്ങുന്ന കുറച്ചുകൂടി വലിയ സമൂഹം. മനുഷ്യരായ എല്ലാവർക്കും ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാകാം. പക്ഷേ, അതിന്റെ പ്രകടനം ആർക്കും തന്നെ ദേഹോപദ്രവമോ മാനസിക ആഘാതമോ ഉണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങാൻ പാടില്ല. സമൂഹത്തിൽ പലപ്പോഴും പലരുടെയും പെരുമാറ്റം അരോചകമായിരിക്കാം. ചിലരെ എങ്കിലും തല്ലണമെന്നോ കൊല്ലണമെന്നോ ഒക്കെ നമുക്ക് തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ, നമ്മുടെ വിവേകം നമ്മെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.  വിദ്യാഭ്യാസം നേടുന്നതിലൂടെ അക്രമവാസനകളെ നമ്മിൽ നിന്നകറ്റാനും സമൂഹത്തെ ഉൾക്കൊണ്ട് ജീവിക്കാനുമുള്ള പാഠം നമ്മൾ. കൈക്കൊള്ളണം.

 

ഈശ്വരൻ തന്നെ സൗഭാഗ്യങ്ങളെ വേണ്ടവിധം ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് പ്രത്യേക പ്രാർഥനയുടെ ആവശ്യമില്ല. സ്വന്തം ജീവിതം തന്നെയാണവരുടെ പ്രാർഥന.

 

കുടുംബത്തിനകത്തും ഇതെല്ലാം ബാധകമാണ്. ഓരോ അച്ഛനുമമ്മയും ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് കുട്ടികൾക്ക് മേന്മയേറിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുക. പണ്ടത്തെപ്പോലെ ആർക്കും ദാരിദ്ര്യം ഒന്നുമില്ല. പ്രത്യേകിച്ചും, ഇങ്ങനെയുള്ള സ്‌കൂളുകളിൽ വരുന്നവരെല്ലാം സാമ്പത്തികമായി ഉന്നതനിലയിലുള്ളവർ തന്നെ. അവർ പോലും സ്വന്തം വാഹനം വാഗൺആർ മാറ്റി ബെൻസ് വാങ്ങുന്നത് മക്കളുടെ വിദ്യാഭ്യാസം കഴിയട്ടെ എന്നു കരുതി മാറ്റിവെയ്ക്കാം. അല്ലെങ്കിൽ വിദേശത്തു ചെലവഴിക്കുന്ന അവധിദിനങ്ങളുടെ ദൈർഘ്യം കുറയ്ക്കാം. ഓരോ നിലയിലും ഉള്ളവർ അവരുടേതായ തരത്തിൽ മക്കൾക്കു വേണ്ടി പലതും ത്യജിക്കാറുണ്ട്. എല്ലാ അച്ഛനുമമ്മമാർക്കും മക്കളാണ് സർവസ്വവും. തനിക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങളും തന്റെ മക്കൾക്ക് ലഭിക്കണമെന്ന്‍ അവരാഗ്രഹിക്കുന്നു. തന്റെ മക്കൾ തന്നേക്കാൾ സമർത്ഥരായി കാണാൻ ഏതൊരു രക്ഷിതാവും സ്വപ്‌നം കാണും. കുട്ടികൾ ഒന്നേ ചെയ്യേണ്ടൂ. രക്ഷിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരണം. അവർക്ക് സന്തോഷം കൊടുക്കണം. കിട്ടിയ സൗകര്യങ്ങൾ നന്നായി ഉപയോഗിച്ച് മിടുക്കരായി പഠിച്ച് എല്ലാവരുടെയും മുൻപിലും നല്ല പെരുമാറ്റള്ളവരായി ജീവിക്കണം. സ്വന്തം കാലിൽ നിലയുറപ്പിച്ച് മാതൃക കാണിച്ച് പ്രശസ്തരാകണം. രക്ഷിതാക്കൾക്ക് മക്കൾ കൊടുക്കേണ്ട ഏറ്റവും വലിയ റിവാർഡും അതുതന്നെ. എത്ര തന്നെ പരിഷ്‌കാരം വന്നാലും കാലദേശങ്ങൾ മാറിയാലും ഏതു രാജ്യത്തും എന്നും സ്വന്തം മക്കൾ നല്ലവരാണെന്ന് മറ്റുള്ളവരുടെ നാവിൽ നിന്നു കേൾക്കുന്നതാണ് അച്ഛന്റെയും അമ്മയുടെയും ധന്യത! ഇത്രയും ജീവിത സൗകര്യം തരാൻ കഴിവുള്ള അച്ഛനുമമ്മമാർക്കു ജനിക്കാൻ കഴിഞ്ഞത് മുൻ ജന്മപുണ്യം! ദൈവത്തിന്റെ വരദാനം. ഈശ്വരൻ തന്നെ സൗഭാഗ്യങ്ങളെ വേണ്ടവിധം ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് പ്രത്യേക പ്രാർഥനയുടെ ആവശ്യമില്ല. സ്വന്തം ജീവിതം തന്നെയാണവരുടെ പ്രാർഥന. നിന്റെ അമ്മ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഇത്രയും ദൂരെവിട്ട് നീ നന്നാകാൻ വേണ്ടി, നിന്റെ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി നിന്നെ മിസ്സ് ചെയ്തിട്ടു പോലും ഇവിടെ അയച്ചു പഠിപ്പിക്കുന്നു. നീ നല്ല കുട്ടിയാണ്. നിനക്ക് എന്തിന്റെ കുറവാണ്?

 

സൗമ്യമായ ശബ്ദത്തിൽ കണ്ണുനീരിനിടയിലൂടെ അവളുടെ മമ്മിയും ഗ്രാൻഡ്പായും അവൾക്ക് കൊടുക്കുന്ന ലാളനങ്ങളെപ്പറ്റി അവൾ വാചാലയായി. ഗ്രാൻഡ്പായെ അവൾക്ക് വലിയ ഇഷ്ടമാണ്. മമ്മി വളരെ ലേറ്റ് ആയിട്ടേ വീട്ടിലെത്തൂ.  ബിസിനസ് തിരക്കുകൾ തന്നെ കാരണം. പക്ഷേ, വാരിക്കോരി സമ്മാനങ്ങളും പോക്കറ്റ്മണിയും കൊടുക്കാൻ ഒരു പിശുക്കും കാട്ടിയിരുന്നില്ല. പിന്നീടുള്ള അവളുടെ സംഭാഷണത്തിന്റെ രത്‌നച്ചരുക്കം അവൾ അമ്മയെയും മുത്തച്ഛനെയും മിസ്സ് ചെയ്ത് വല്ലാതെ ഹോംസിക്ക് ആയതുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നായിരുന്നു. മുഴുവൻ ക്ഷമയോടെ കേട്ടിരുന്ന ഞാൻ 'അപ്പോൾ ഞാൻ നിന്റെ ഇന്ത്യയിലെ മമ്മി ആണെന്ന് വെറുതെ പറഞ്ഞതാണോ'യെന്ന്  ചോദിച്ചു. ആ പറഞ്ഞത് സത്യമാണെങ്കിൽ ഇവളെന്തിന് മമ്മിയെ മിസ്സ് ചെയ്ത് ഇത്രയും വിഹ്വലയാകണം! എക്‌സിബിഷൻ ഹാളിൽ വെച്ച് സ്‌കൂളിന്റെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ഡയാനയുടെ അമ്മയുടെ ചോദ്യങ്ങളുടെ പ്രസക്തി എനിക്ക് മനസ്സിലായി. എന്റെ ചോദ്യത്തിനു മുന്‍പില്‍ ഡയാനയ്ക്ക് ഉത്തരം മുട്ടി. സ്വന്തം ജാള്യം മാറ്റാൻ അവളെനിക്കൊരു മുത്തം നൽകി. എന്നെ കെട്ടിപ്പിടിച്ച് ഐ ലൗവ് യു പറഞ്ഞു. നീ എന്റെ മകളെപ്പോലെയാണെങ്കിൽ എന്നോട് സത്യംമാത്രമേ പറയാവൂ എന്ന് ഞാൻ ആവശ്യപ്പെട്ടു. ഏതൊരു മനസ്സിനെയും പിടിച്ചു കുലുക്കുന്ന ഒരു യഥാർത്ഥ്യം അങ്ങനെ പുറത്തുവന്നു. അവളുടെ അച്ഛനെ മിസ്സ് ചെയ്യുമ്പോഴാണ് അവൾ അക്രമാസക്ത ആകാറ്. അവൾ സ്വന്തം അച്ഛനെ കണ്ടിട്ടില്ല. അതിനെപ്പറ്റിയുള്ള ഒരു ചോദ്യത്തിനും അമ്മയോ ഗ്രാൻഡ്പായോ സമാധാനം പറയാറില്ല. എല്ലാ സമൃദ്ധിയുടെയും ലാളനയുടെയും ഒടുവിലും ആ നിർമല ഹൃദയം പിതാവിനു വേണ്ടി വേങ്ങിക്കരയുന്നുണ്ടായിരുന്നു. എന്റെ ഉപദേശവും കൗൺസലിങ്ങും പരാജയപ്പെടുന്നത് ഞാനറിഞ്ഞു. എനിക്കിനി മുൻപോട്ട് പോകാൻ വാക്കുകളില്ല. കഥയറിയാതെ കഥാതന്തു തേടുന്ന ഒരു ഭ്രാന്തി കലാകാരിയായി ഞാൻ സ്വയം അവഹേളിക്കപ്പെട്ട മുഹൂർത്തമായിരുന്നു അത്.

 

അവളുടെ അഡ്മിഷൻ ഫോമിൽ അമ്മയുടെ പേരു മാത്രമേ ഉള്ളൂ. അച്ഛന്റെ കോളം ബ്ലാങ്ക് ആണ്. എങ്കിലും വിദേശികളുടെ ഒരു ഗുണം ഞാനെന്നും അപ്രീഷിയേറ്റ് ചെയ്യുന്നു. ഇവിടെയാണെങ്കിൽ അച്ഛൻ മരിച്ചുപോയി എന്നു പറഞ്ഞു ഒരസുഖത്തിന്റെ കഥയോ ആക്‌സിഡന്റിന്റെ കഥയോ ഒക്കെ പറഞ്ഞ് നമ്മളീ കുഞ്ഞുമനസ്സിനെ വഞ്ചിച്ചേനെ. അവരതു മാത്രം ചെയ്തില്ല. നമ്മളേക്കാൾ ഒരല്പം കൂടി വിശ്വാസ്യത തന്റെ മനസ്സാക്ഷിയോടു കാണിക്കുന്നു. പക്ഷേ, ഈ കുഞ്ഞുമനസ്സിന് ഈ സമസ്യ എങ്ങനെ താങ്ങാനാവും? ഇവളോടുള്ള സ്‌നേഹവായ്പിൽ നിന്നും ആവശ്യമില്ലാത്ത ഒരുത്തരവാദിത്വം കൂടി ഞാൻ തലയിലേറ്റി. ഡയാനയുടെ അച്ഛന്റെ കഥ കണ്ടുപിടിക്കാൻ ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. അവളുടെ ശ്രദ്ധ മറ്റു പലതിലേക്കും തിരിച്ച് സന്തോഷകരമായ സംഭാഷണങ്ങളിലെത്തിച്ച് ചോക്കലേറ്റുകളും നൽകി ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചപ്പോഴേക്കും മണി 7.30. വിജനമായ സ്‌കൂൾ കെട്ടിടത്തിൽ മുറിയും പൂട്ടി സെക്യൂരിറ്റി കാണിച്ചുതന്ന ടോർച്ചിന്റെ പ്രകാശത്തിൽ കാറെടുത്തു പോരുമ്പോൾ സ്വന്തം സ്വാതന്ത്ര്യം കളഞ്ഞ് റിലാക്‌സ് ചെയ്യാൻ വൈകിച്ചതിലുള്ള ഈർഷ്യ അവളുടെ മുഖത്തുണ്ടായിരുന്നോ എന്നൊരു സംശയം. വീട്ടിലേക്കുള്ള യാത്രയിൽ കേരളത്തിലെ കുട്ടികളെപ്പറ്റി ഡയാന പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സുമുഴുവനും. അവളുടെ ദൃഷ്ടിയിൽ നമ്മുടെ കുട്ടികൾ എത്ര ഭാഗ്യം ചെയ്തവരാണെന്നോ!

 

(തുടരും)

 

ഡയാനയെ പരിചയപ്പെട്ടിട്ടില്ലെങ്കില്‍ വായിക്കൂ:

ഡയാനയെന്ന കൊച്ചുസുന്ദരി

ഭാവപ്പകർച്ച

ആദ്യലക്കം വായിക്കാം:

അധ്യാപനത്തിന്റെ മധുരനൊമ്പരങ്ങളിലൂടെ

Tags: