ഭാവപ്പകർച്ച

Wednesday, December 4, 2013 - 2:43pm
ഡോ. സി.ജി ഗീത
പാഠശാല
Dr. C.G. Geetha  

 

ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.സി.ജി ഗീത തന്റെ വിദ്യാര്‍ഥികളെക്കുറിച്ച്.


വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് സാധിക്കുമെങ്കിൽ എല്ലാ പണിയും തീർത്ത് ഓഫീസ് ടേബിൾ വൃത്തിയാക്കി വെയ്ക്കുക എന്നതെന്റെ ഒരു ദുഃസ്വഭാവമായിരുന്നു. പലപ്പോഴും പരീക്ഷ അടുക്കുമ്പോൾ ടീച്ചേഴ്‌സ് വെയ്ക്കുന്ന ചോദ്യപേപ്പറുകളുടെ എണ്ണം കൂടുമ്പോഴും സ്‌ക്രൂട്ടിനിക്ക് വരുന്ന നോട്ട്ബുക്‌സ് എണ്ണം കൂടുമ്പോഴും ഒക്കെ എന്റെ ഓഫീസ് ടൈം വെഴും എട്ടും ഒക്കെയായി മാറാറുണ്ടായിരുന്നു. കുടുംബാംഗങ്ങളും സ്‌കൂളിന്റെ സെക്യൂരിറ്റിക്കും ഒന്നും ഇത് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എങ്കിലും ഹോസ്റ്റൽ വാർഡന്മാർക്ക് വലിയ സന്തോഷമായിരുന്നു. സ്‌കൂൾ കെട്ടിടത്തിനുള്ളിലെ ഹോസ്റ്റലിലെ കുട്ടികൾ എന്റെ റൂമിൽ ലൈറ്റ് ഉണ്ടെങ്കിൽ ഒച്ചയും ബഹളവും ഉണ്ടാക്കാതെ പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവഴി വാർഡന്മാരുടെ ജോലി അല്പം എളുപ്പമാകുമെന്നതു തന്നെ മുഖ്യകാരണം. അതുകൂടാതെ ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒരു മിന്നൽപരിശോധനയും നടത്തി ഞാനവരെ സഹായിക്കുമായിരുന്നു.

 

പ്രവൃത്തി ദിനമായിരുന്ന ഒരു ശനിയാഴ്ച. നേരത്തെ പണിയൊക്കെ തീർത്ത് ഞാൻ ആറു മണിയോടെ വീട്ടിലെത്തി. ഒന്ന് ഫ്രഷ് ആയി സ്വന്തം റൂമിൽ പാട്ട് കേട്ട്, ഫേസ് ടു ഫേസ് വിത്ത് രമണ മഹർഷി എന്ന പുസ്തകവും വായിച്ച്, 'ഹു ആം ഐ' എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ച് ഞാനെപ്പോഴോ ഒരു പാതിമയക്കത്തിലേക്ക് പോയി. ആ സായാഹ്നത്തിന്റെ എല്ലാ ആദ്ധ്യാത്മികതയേയും വെല്ലുവിളിച്ചുകൊണ്ട് ഗേൾസ് ഹോസ്റ്റൽ വാർഡന്റെ ഫോൺ വന്നു. വാർഡന്റെ ശബ്ദം ചിലമ്പിച്ചതും ഭയചകിതവുമായിരുന്നു. പത്ത് മിനിട്ട് നീണ്ട ആ സംഭാഷണത്തിനൊടുവിൽ കാര്യങ്ങളൊന്നും അവരുടെ നിയന്ത്രണത്തിലല്ല എന്നു ഞാൻ മനസ്സിലാക്കി. കിട്ടിയ ചുരിദാറുമിട്ട് കാറിന്റെ കീയും എടുത്ത് ഞാൻ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ എന്നെ എതിരേറ്റത് എന്റെ ഡയാനയുടെ തികച്ചും വ്യത്യസ്തവും ഭയാനകവുമായ മറ്റൊരു മുഖമായിരുന്നു. രണ്ടു സെക്യൂരിറ്റികളും വാർഡന്മാരും അന്തേവാസികളും ശ്രമിച്ചിട്ടും അവളെ ശാന്തയാക്കാനായില്ല. അങ്ങേയറ്റം അക്രമാസക്തയായി ആയി ഹോസ്റ്റലിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരേയും ഉപദ്രവിച്ച് കസേരകൾ തല്ലിയുടച്ച് അവളവിടമാകെ ഓടിനടന്നു. ഇടക്കെപ്പോഴോ കുട്ടികൾ അവളെ ഒരു ടോയ്‌ലെറ്റിൽ ആക്കി വാതിലടച്ചിരുന്നു. ആ ടോയ്‌ലെറ്റിന്റെ ഫ്‌ളഷ് ടാങ്കും നശിപ്പിച്ച് ഹെൽത്ത് വാഷും ഊരിയെടുത്ത് അതിന്റെ കതകും തകർത്ത് അവൾ പുറത്തുവന്നു. എനിക്ക് കയറാൻ ഹോസ്റ്റൽ തുറന്നതും അവളവിടന്നു ചാടി സ്‌കൂളിന്റെ വിശാലമായ കെട്ടിടത്തിലേക്ക് കടന്നു. അവളെ പിന്തുടരുന്ന എന്റെ വിളികൾക്ക് അവൾ ഒട്ടും പ്രാധാന്യം നൽകിയില്ല. സ്‌കൂളിന്റെ മെയിൻ എൻട്രൻസിൽ ചവിട്ടിയും ഇടിച്ചും അവൾ തന്നെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ചുവന്നുതുടുത്ത ആ മുഖം ഭയാനകമായിരുന്നു. ആ മൃദുലമായ കൈകൾക്കും കാലിനും ഒക്കെ ഇത്രയും ശക്തി എവിടെ നിന്നു വന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇവളെ ഹോസ്റ്റലിലാക്കി പോകുന്ന സമയത്ത് ആ അമ്മ പറഞ്ഞ ഹൈപ്പർ ആക്ടീവ് എന്ന പദം എന്നെ നിസ്സഹായയായി നോക്കി പല്ലിളിച്ചു. ഇങ്ങനെയാണോ ഒരു കുട്ടി ഹൈപ്പർ ആക്ടീവ് ആകുക. ഒട്ടുമല്ല. വാർഡനോട് ചോദിച്ചതിൽ നിന്നും അവർ അവളുടെ ടാബ്‌ലെറ്റ് ഒന്നും മുടക്കിയിട്ടില്ല എന്നറിയാൻ കഴിഞ്ഞു. എല്ലാവരുടെയും പ്രാർഥന ഇവളെങ്ങനെയെങ്കിലും ഒന്നു കുഴഞ്ഞു വീണാൽ മതിയെന്നായിരുന്നു. ഉറച്ച വാതിലിലെ തുടർച്ചയായ പ്രഹരത്തിന്റെ ഫലമെന്നോണം എല്ലാവരുടേയും പ്രാർഥന ദൈവം കേട്ടു. ഡയാന കുഴഞ്ഞുവീണു. ഏതാണ്ട് അബോധാവസ്ഥയിലെന്നപോലെ.

 

ആശുപത്രിയിൽ കൊണ്ടുപോകാനൊരുങ്ങിയ എന്നോട് ഇതിനു മുൻപും പഴയ സ്‌കൂളിൽ അവളോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് തായ് കുട്ടികൾ അതു വേണ്ടെന്നു പറഞ്ഞു. എല്ലാവരും കൂടി അവളെ താങ്ങിയെടുത്ത് ബെഡ്ഡിൽ കിടത്തി. ഭയം കൊണ്ട് സംസാരിക്കാൻ കഴിയാതെ നിന്ന മറ്റു കുട്ടികളെയൊക്കെ ആശ്വസിപ്പിച്ച് നോർമൽ ആക്കാൻ എനിക്ക് നന്നെ പാടുപെടേണ്ടിവന്നു. ഈ ബുദ്ധിമുട്ടുപിടിച്ച  അവസ്ഥയിൽ വാർഡനു കൂട്ടായി ഞാനവിടെ  കുറെ നേരം ഗാഢനിദ്രയിലാണ്ട ഡയാനയേയും നോക്കി ഇരുന്നു. ഇതു സാരമില്ല. ഇനി ഉറങ്ങിക്കൊള്ളും. നാളെ പതുക്കെയെ എഴുന്നേൽക്കൂ എന്ന് ആ രണ്ട് തായ് കുട്ടികളും വന്ന് എന്നെ ആശ്വസിപ്പിച്ചു. അവരിൽ നിന്നും ഡയാന ഒരു മാനസിക രോഗിയാണെന്നും ഓരോ വർഷവും ഓരോ സ്‌കൂൾ വെച്ച് മാറാറുണ്ടെന്നും എനിക്കറിയേണ്ടി വന്നു.

 

തിരികെ വീട്ടിലേക്ക് വണ്ടി ഓടിക്കുമ്പോൾ എന്റെ മനസ്സ് ആ പറഞ്ഞതൊന്നും അംഗീകരിക്കാൻ തയ്യാറായില്ല. ഇവളുടെ ഈ പെരുമാറ്റത്തിനു പിന്നിൽ ചെപ്പു തുറക്കാത്ത ഒരു രഹസ്യം ഉണ്ടെന്ന നിഗമനത്തിലെത്താൻ എനിക്ക് താമസം വന്നില്ല. കുട്ടികളേക്കാൾ ലോകം കാണുകയും വർഷങ്ങളായി ഒരുപാട് വിദ്യാര്‍ഥികളെ, പ്രത്യേകിച്ചും ഈ പ്രായത്തിലുള്ളവരെ കാണുകയും ചെയ്തതിൽ നിന്നും എനിക്ക് തീർച്ചയായിരുന്നു അസുഖം അവൾക്കല്ല, അവളുടെ കുടുംബത്തിനാണെന്ന്. ഇത്രയും നല്ല കുട്ടിക്ക് ഇങ്ങനെ ഒരു വിഭ്രാന്തി വരണമെന്നുണ്ടെങ്കിൽ അവളുടെ ആ നിർമലമായ മനസ്സിന്റെ താളം തെറ്റിക്കുന്ന എന്തോ ഒന്നുണ്ടെന്ന് ഞാനുറപ്പിച്ചു. പക്ഷേ, പുറമെ നോക്കുമ്പോൾ അവൾ ഡോക്ടറുടെ ചികിത്സയിലാണ്. ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്. അവളുടെ അമ്മ അവൾക്ക് സ്‌നേഹം വാരിക്കോരി കൊടുക്കുന്നുമുണ്ട്. പിന്നെ എന്തു കാരണം? ഹോസ്റ്റലിൽ മിക്ക ആഴ്ചകളിലും തായ്‌ലൻഡിൽ നിന്നും ഡയാനയുടെ അമ്മ പാഴ്‌സൽ അയക്കാറുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാൽ വാർഡൻ അതെല്ലാം എന്റെ മുൻപിൽ പൊട്ടിച്ചുകാണിച്ചിട്ടാണ് കൊടുക്കാറ്. അതിൽ ഭക്ഷണ സാധനങ്ങള്‍  മുതൽ കളിപ്പാട്ടവും പാവക്കുട്ടികളും വരെ ഉണ്ടാവാറുണ്ട്. എങ്കിലും എന്റെ സ്‌നേഹമയിയായ ഈ പെൺകുട്ടിക്കെന്തുപറ്റി? അവളെക്കുറിച്ചോർത്ത് അവളുടെ അമ്മയെക്കുറിച്ചോർത്ത് പാതി മയക്കത്തിലും പാതി ദുഃസ്വപ്‌നങ്ങളിലുമായി ഞാൻ ആ രാത്രി കഴിച്ചുവിട്ടു.

 

(തുടരും)

 

ഡയാനയെ പരിചയപ്പെട്ടിട്ടില്ലെങ്കില്‍ വായിക്കൂ:

ഡയാനയെന്ന കൊച്ചുസുന്ദരി

ആദ്യലക്കം വായിക്കാം:

അധ്യാപനത്തിന്റെ മധുരനൊമ്പരങ്ങളിലൂടെ

Tags: