Skip to main content

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

News Paper

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്തെ മക്കൾക്കെതിരെ കേസ്സെടുക്കുന്ന നിയമസംവിധാനം തന്നെ അങ്ങേയറ്റം ലജ്ജാകരമാണ്. സി.പി.എമ്മിൻ്റെ കഴിഞ്ഞ പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുകയുണ്ടായി കേരളം യുറോപ്പു പോലെയായി. ഇവിടുത്തെ മുഖ്യധാരാ മാധ്യമ പ്രവർത്തകർ, ഫെമിനിസ്റ്റുകൾ, ബുദ്ധിജീവികൾ ശേഷിക്കുന്ന പുരോഗമനക്കാരുമെല്ലാം ഇവിടുത്തെ കാര്യങ്ങളെ വിലയിരുത്തുന്നതിലും പുലർത്തുന്നത് പാശ്ചാത്യ വിക്ഷണമാണ്. അതിൻ്റെ ഭാഗമായി ഒരു വശത്ത് കുടുംബ സംവിധാനത്തിൻ്റെ അപനിർമ്മാണം ഒരു ശക്തമായ അജണ്ടയാണ്. സകല വൈകൃതങ്ങളുടെയും പ്രഭവസ്ഥാനം കുടുംബ സംവിധാനമാണെന്ന് ചില പ്രഖ്യാപിത ബുദ്ധിജീവികൾ പ്രസ്താവനാ സർട്ടിഫിക്കറ്റുകളും ഇറക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഏതെങ്കിലും വൃദ്ധർ അവഗണിക്കപ്പെട്ട നിലയിൽ കാണപ്പെട്ടാൽ ഈ മാധ്യമങ്ങൾ കണ്ണിലെ ചോര അളന്നുകളയും. ഒറ്റപ്പെട്ട അവസ്ഥയിൽ ഉറുമ്പരിക്കുന്ന വൃദ്ധരുടെ ദയനീയ ദൃശ്യം കാട്ടും. തങ്ങളെ പെറ്റുവളർത്തിയ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളുടെ ക്രൂരതയിൽ രോഷം കൊള്ളും. അവർക്കെതിരെ കേസ്സെടുപ്പിച്ച് മാധ്യമങ്ങൾ സായൂജ്യമടയും. കേരളം യുറോപ്പായ സ്ഥിതിക്കും പുരോഗമന നവകേരള സർക്കാർ അധികാരത്തിലുമുള്ള സ്ഥിതിക്ക് തഴയപ്പെടുന്ന അല്ലെങ്കിൽ നടതള്ളുന്ന വൃദ്ധരുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾ തിരിച്ചറിയേണ്ട ഒരു മിനിമം ബോധ്യമുണ്ട്. ഭദ്രമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്കേ തങ്ങളുടെ മാതാപിതാക്കളുടെ സായാഹ്നവേളയിൽ നോക്കാൻ കഴിയുകയുള്ളു. അതിനാൽ കുടുംബ സംവിധാനത്തെ അപനിർമ്മാണം ചെയ്യലും അതേ സമയം മാതാപിതാക്കളെ വാർധക്യത്തിൽ മക്കൾ നോക്കണമെന്ന വാശിയും മാധ്യമങ്ങൾ കൈക്കൊള്ളുന്നത് വിരുദ്ധ നിലപാടുകളാണ്. ഒന്നുകിൽ യുറോപ്പാകുക അല്ലെങ്കിൽ കേരളം. ഇതു രണ്ടും കെട്ട അവസ്ഥയിലാണ് നവകേരളമിപ്പോൾ വളരെ ലളിതമായ ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. മാധ്യമ പ്രവർത്തകരെ കരയിപ്പിക്കുന്ന അവസ്ഥയിൽ കാണപ്പെടുന്ന വൃദ്ധരെ എന്തുകൊണ്ട് അവരുടെ മക്കൾ തിരിഞ്ഞു നോക്കുന്നില്ല? ഈ വാർത്തയിലെ മകനും മകളും . അവർക്ക് അവരുടെ അമ്മയോട് സ്നേഹം തോന്നിയില്ല. മാത്രമല്ല, തങ്ങളുടെ അമ്മ നരകിക്കുന്നത് കണ്ടപ്പോൾ കടമ പോയിട്ട് തെല്ലും അലിവ് പോലും തോന്നിയില്ല. കാരണം അവരുടെ ബാല്യകൗമാരങ്ങളിൽ അവർക്ക് ലഭിക്കാതെ പോയ സ്നേഹവാത്സല്യങ്ങളുടെ അഭാവവും ഏൽക്കേണ്ടി വന്ന മുറിവുകളുടെ ആഴവുമാകാം അവരെ അങ്ങനെയാക്കിയത്. സ്വന്തം മുറിവിൽ നിന്ന് രക്തം വാർന്നൊലിക്കുന്നവർക്ക് മറ്റുള്ളവരുടെ വേദനയിലേക്ക് നോക്കുക തന്നെ സാധ്യമല്ല; അതാരുടേതായാലും. മറിച്ച് സ്നേഹം കിട്ടി വളർന്ന മക്കൾ അവരുടെ മാതാപിതാക്കൾ എത്ര പ്രായാധിക്യത്തിലെത്തിയാലും അവരുടെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യും. ബാധ്യതയോ നിയമമോ ഒന്നും അവരുടെ ഓർമയിലേക്കുപോലും വരില്ല. ഇവിടെ ഈ വാർത്തയിലെ അമ്മ അന്നക്കുട്ടിക്ക് എന്തുകൊണ്ട് തൻ്റെ മക്കൾക്ക് സ്നേഹം പകർന്നു നൽകാൻ കഴിഞ്ഞില്ല എന്നതും കാണേണ്ടതാണ്. അവരും അസ്വസ്ഥമായിരുന്നിരിക്കണം. ഇപ്പോൾ 11 വയസ്സുമുതൽ കേരളത്തിലെ കുട്ടികൾ മയക്കുമരുന്നുപയോഗത്തിലേക്കു നീങ്ങുന്നു. തകർച്ചയിലേക്കു നിങ്ങുന്ന കുടുംബങ്ങൾ, അസ്വസ്ഥകളായ അമ്മമാരുടെ എണ്ണം പെരുകുന്നു. ഏക രക്ഷകർത്താക്കളുടെ എണ്ണം കുതിക്കുന്നു. ഈ വർത്തമാന പശ്ചാത്തലത്തിൽ വേദനകൊണ്ട് മരവിച്ച ഹൃദയത്തോടെ വളരുന്ന കുട്ടികൾ ഏതു രീതിയിലേക്ക് പരിണമിക്കും എന്നത് ചിന്തയ്ക്ക് വിധേയമാക്കാവുന്നതാണ്. അന്നക്കുട്ടിയും അവരുടെ മക്കളും പഠനവിഷയാകുന്നത് നന്നായിരിക്കും.

Ad Image