Skip to main content
കൊച്ചി

മാര്‍ച്ചില്‍ സമാപിച്ച കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ടാറ്റാ നാനോ കാറില്‍  ചെയ്ത ഇന്‍സ്റ്റലേഷന്‍ 'മാക്‌സിമം നാനോ'  ലേലം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ആര്‍ട്ട് കാര്‍ ലേലമാണിതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.

 

ഓക്ഷന്‍ ഹൗസായ സഫ്രോണാര്‍ട്ടാണ് തിങ്കളാഴ്ച (ജൂലൈ 30) ലേലം സംഘടിപ്പിക്കുന്നത്.  വെബ്‌സൈറ്റിലൂടെ 24 മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ ബിഡ്ഡിംഗ് ആയാണ് ലേലം. 29ന് രാത്രി എട്ടു മണിക്ക് വെബ്‌സൈറ്റില്‍ ലേലം ആരംഭിക്കും. 30ന് രാത്രി എട്ടുമണിക്ക് ലേലം ഉറപ്പിക്കും.

 

ഇംഗ്ലീഷ് സംഗീതജ്ഞനായിരുന്ന ജോണ്‍ ലെനന്‍, യു.എസ് ഗായകനും ഗാനരചയിതാവുമായ ജാനിസ് ജോപ്ലിന്‍ എന്നിവര്‍ ആര്‍ട്ട് കാറുകള്‍ ഓടിച്ചിരുന്നു. യു.എസ് ആര്‍ട്ടിസ്റ്റ് ജെഫ് കൂണ്‍സ്, ആന്‍ഡി വാറോള്‍, ഇംഗ്ലീഷ് പെയിന്ററും ഫോട്ടോഗ്രഫറുമായ ഡേവിഡ് ഹോക്‌നി തുടങ്ങിവരാണ് അവയില്‍ വരച്ചത്. 

ബിനാലെ നടന്നുകൊണ്ടിരിക്കെ ഫെബ്രുവരി 14നാണ് കൊച്ചിയിലെ കോഫീ ബീന്‍സും തിരുവനന്തപുരത്തെ ലാ ഗ്യാലറി 360യും ചേര്‍ന്ന് സെറീന്‍ വൈറ്റ് നിറത്തിലുള്ള നാനോ കാര്‍ സംഭാവന ചെയ്തത്. പ്രശസ്തനടന്‍ മോഹന്‍ലാലാണ് കാര്‍ ബോസ് കൃഷ്ണമാചാരിക്ക് കൈമാറിയത്. ഫെബ്രുവരി 24 മുതല്‍ രണ്ടുദിവസം കൊണ്ടാണ് തന്റെ 'സ്‌ട്രെക്ച്ഡ് ബോഡീസ്' എന്ന അമൂര്‍ത്ത ചിത്രപരമ്പരയില്‍ പെട്ട ചിത്രം കാറില്‍ ബോസ് വരച്ചത്. ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിച്ചു വരച്ച ചിത്രം കാറിനെ മുഴുവനും മൂടുന്നു. മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത് ലാമിനേറ്റ് ചെയ്യുകയും ചെയ്തു. ബിനാലെ അവസാനിക്കും വരെ പ്രധാന വേദിയായിരുന്ന ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലും തുടര്‍ന്ന് ഇടപ്പള്ളിയിലെ ലുലു മാളിലുമാണ് ഈ ആര്‍ട്ട് കാര്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത്. 

 

ബിനാലെയുടെ ഒന്നാം പതിപ്പിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ലേലമെന്ന് ബിനാലെ ഹെഡ് ഓഫ് പ്രോഗ്രാംസ് ശ്വേതള്‍ പട്ടേല്‍ പറഞ്ഞു. 100 രൂപയിലായിരിക്കും ലേലം തുടങ്ങുകയെന്ന് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സഫ്രോണാര്‍ട്ടിന്റെ ശിവജിറാവു ഗേക്‌വാര്‍ അറിയിച്ചു.