ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാപവാദ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്.ഐ.ആറും തുടര്‍നടപടികളും സ്‌റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്. പത്തു ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി.
തെറ്റയിലിനെതിരായുള്ള ബലാത്സംഗക്കുറ്റം നിലനില്‍ക്കുമോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. 376 വകുപ്പ് പ്രകാരം ഈ കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് കോടതി നിഗമനം.
അങ്കമാലി സ്വദേശിയായ യുവതിയാണ് തെറ്റയിലിനെതിരെ പരാതി നല്‍കിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറിലാണ് പോലീസ് തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുള്ളത്. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും നീലചിത്രമെടുത്ത യുവതിക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് തെറ്റയില്‍ ഹൈക്കോടതിയെ സമീപിച്ചത്.
മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ ബലാല്‍സംഗം ചെയ്യുന്നത് നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ബലാല്‍സംഗം ചെയ്തു എന്ന വാദം തെറ്റാണെന്നും തെറ്റയില്‍ തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പരാതിക്കാരി വ്യാഴാഴ്ച കോടതിയിൽ ഹാജരാകണമെന്നും പരാതിക്കാരിയുടെ ഭാഗം കേട്ട ശേഷം അന്തിമതീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.