ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ രാണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നുആദ്യ പ്രഖ്യാപനം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ചിലവ് ചുരുക്കിയേ തീരുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. എങ്കിലും പദ്ധതി ചിലവുകള്‍ വെട്ടിച്ചുരുക്കില്ല. ഈ സാമ്പത്തിക വര്‍ഷം റവന്യു കമ്മി 3.1 ശതമാനമായി നിലനിര്‍ത്തും. കിഫ്ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കും. ചിട്ടിയില്‍ ചേരുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും അര്‍ഹതയുണ്ടാകും. വിവിധ ബോണ്ടുകള്‍ വഴി കിഫ്ബിയിലേക്ക് വിഭവ സമാഹരണം നടത്തും
വനിതകളുടെ ക്ഷേമത്തിനായി 1267 കോടിയാണ് ഈ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ക്കായി 50കോടി രൂപ വകയിരുത്തും. ലിംഗനീതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും. അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കും.
വനിതാ സംരംഭക സ്‌കീമുകള്‍ക്ക് 20 കോടി, വനിതാ ഫെഡിന് 3 കോടി എന്നിങ്ങനെയും വകയിരുത്തി. എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കായി ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. 2018-19 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും കുടുംബശ്രീയ്ക്ക് പുതിയ ഇരുപതിന പരിപാടിക്കായി 200 കോടി വകയിരുത്തിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2015 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പുനസ്ഥാപിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കും. ന്യായവിലയും വിപണിവിലയും തമ്മില്‍ നിലവിലുള്ള അന്തരം കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 500 രൂപയില്‍നിന്ന് 450 രൂപയാക്കി കുറച്ചു. നികുതിയടയ്ക്കാതെ സംസ്ഥാനത്തിനുള്ളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ട നികുതി ഈടാക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും പ്രഖ്യാപനമുണ്ട്.
