കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിക്ക് ചികിത്സ നല്കുന്നതില് ആശുപത്രിയധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് പോലീസ്.ഗൗരിയെ ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയിലാണ് ചികിത്സാനിഷേധമുണ്ടായത്. ആശുപത്രിക്കെതിരെ ആന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആശുപത്രി രേഖകള്‍ പോലീസ് പരിശോധിച്ചു.
ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. വീഴ്ചയില്‍ കുട്ടിക്ക് തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

