രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി ഉത്തരാഖണ്ഡില്‍ കനത്ത മഴ. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മലയാളികളടക്കം പതിനായിരത്തിലധികം പേര് വിവിധ സ്ഥലങ്ങളിലായി കുടുങ്ങികിടപ്പുണ്ട്. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കവിയുമെന്നാണ് സൂചന.
ഇതിനിടെ ഉത്തരാഖണ്ഡില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 80000 പേരെയെങ്കിലും ഇത് വരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേദാര്‍നാഥ്, ബദരിനാഥ്,ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഏതാനും സ്ഥലങ്ങളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി തീര്‍ത്ത പാതകളില്‍ ചെളിനിറഞ്ഞതും വെളിച്ചക്കുറവും താല്‍ക്കാലിക ഹെലിപ്പാഡുകള് നനഞ്ഞുകുതിര്ന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കേദാര്‍നാഥ്, ബദ്രീനാഥ്, ഹാസില്‍, ഗൗരീകുണ്ഡ് എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്ച വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം.
എണ്ണായിരത്തോളം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്ന ബദ്രീനാഥിലാണ് ഇപ്പോള്‍ സേന പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
