Skip to main content
തിരുവനന്തപുരം

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായ ബഹളം. തുടര്‍ന്ന് ജൂലൈ എട്ടുവരെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കര്‍ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്ന്‍ നീക്കം ചെയ്തതായും അറിയിച്ചു.

 

മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരായ ലൈംഗികാരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസാരിക്കുമ്പോഴാണ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചന കേസിലെ വിശദാംശങ്ങള്‍ ഉന്നയിച്ചത്. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളം ആരംഭിച്ചു. അച്യുതാനന്ദന്‍  സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ബഹളം ആരംഭിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

 

മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരായ പരാതിയില്‍ നടപടി വൈകിപ്പിച്ചു എന്നാരോപിച്ച് ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നടപടിക്ക് വിധേയനായ ജീവനക്കാര്‍ തന്റെ പഴ്‌സണല്‍ സ്റ്റാഫല്ലെന്നും കരാര്‍ ജീവനക്കാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും പരാതി അതിന്റേതായ ഗൌരവത്തിലാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.