Skip to main content

രണ്ട് ജവാന്മാരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സ്പഷ്ടമായ മറുപടി ഉണ്ടാകുമെന്ന് പാകിസ്ഥാനോട് ഇന്ത്യ. തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്ത് കരസേനയിലെയും അതിര്‍ത്തി രക്ഷാ സെനയിലെയും ഓരോ ജവാന്മാര്‍ കൊല്ലപ്പെട്ടത്. കരസേനയുടെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലാണ് പാകിസ്ഥാന്റെ സമാന ഉദ്യോഗസ്ഥനോട് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.    

 

അതേസമയം, സംഭവം നിഷേധിച്ച പാകിസ്ഥാന്‍ ജവാന്മാരുടെ എങ്ങനെ കൊല്ലപ്പെട്ടു എന്നറിയാന്‍ ഇന്ത്യ ഉള്ളിലോട്ടു നോക്കണമെന്നും തെറ്റായ സാഹസത്തിന് ഇന്ത്യ ഒരുങ്ങിയാല്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ഉചിതമായി പ്രതികരിക്കുമെന്നും പറഞ്ഞു.

 

കരസേനയിലെ നായിബ് സുബേദാര്‍ പരംജിത് സിങ്ങും അതിര്‍ത്തി രക്ഷാ സേനയിലെ പ്രേം സാഗരുമാണ് കൊല്ലപ്പെട്ടത്. പാക്‌ സൈനികരും ഭീകരരും ഉള്‍പ്പെട്ട സംഘമാണ് പൂഞ്ച് മേഖലയിലെ അതിര്‍ത്തിയില് നിരീക്ഷണം നടത്തിയിരുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു. പാക് സൈന്യം നടത്തിയ കനത്ത വെടിവെപ്പിന്റെ മറവിലാണ് അക്രമി സംഘം നിയന്ത്രണ രേഖ മുറിച്ച് കടന്നു ഇന്ത്യന്‍ പ്രദേശത്ത് കടന്നതെന്നും അധികൃതര്‍ അറിയിച്ചു.