Skip to main content

വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

 

വിഷയത്തിൽ ജേക്കബ് തോമസ് പ്രതികൂട്ടിൽ നിർത്തിയത് മുഖ്യമന്ത്രിയെ ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. എന്നാല്‍, അടിയന്തരപ്രമേയ നോട്ടീസിൽ പറയുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് മേധാവിയുടെ ഫോണ്‍ ചോര്‍ത്തി എന്ന് ഒരു പ്രമുഖ പത്രത്തിൽ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

 

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.