Skip to main content

മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വിധിച്ചു. 2012 മാര്‍ച്ചിനും ജൂണിനും ഇടയില്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

 

ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങളായ ജീവിക്കാനുള്ള അവകാശം, വിവേചന നിരോധനം, സമത്വത്തിനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് നടപടിയെന്ന് ഹൈക്കോടതി ബഞ്ച് വിധിച്ചു. വിലക്കിന് മുന്‍പുള്ള സ്ഥിതി പുന:സ്ഥാപിക്കാനും പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാനും കോടതി ഉത്തരവിട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാറിനോടും ട്രസ്റ്റിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. പുരുഷനായ വിശുദ്ധന്റെ ഖബറിടത്തിനരികില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്ലാം മതവിശ്വാസം അനുസരിച്ച് പാപമാണെന്ന വാദമാണ് ട്രസ്റ്റ് ഉയര്‍ത്തിയത്. മതപരമായ കാര്യമായതിനാല്‍ ഭരണഘടനയുടെ വകുപ്പ് 26 അനുസരിച്ച് തീരുമാനമെടുക്കാന്‍ ട്രസ്റ്റിന് മൌലികാവകാശം ഉണ്ടെന്നും ട്രസ്റ്റ് വാദിച്ചു.  

 

സ്ത്രീകളെ ദര്‍ഗയില്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

Tags