രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്.എസ്.എസ്) വിദ്വേഷകരവും വിഭാഗീയവുമായ കാര്യപരിപാടിയെ എതിര്‍ക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് ആണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററില്‍ രാഹുലിന്റെ മലക്കം മറിച്ചില്‍. പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് ആര്.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളാണ് വധത്തിന് പിന്നിലെന്നാണ് ഉദ്ദേശിച്ചതെന്നും ബുധനാഴ്ച സുപ്രീം കോടതിയില്‍ രാഹുലിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു. 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയില്‍ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ, കേസില്‍ മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചിരുന്നു. എന്നാല്‍, ഗാന്ധി വധത്തിനു ആര്.എസ്.എസിനെ കൂട്ടായി കുറ്റപ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ ചെയ്തത് തെറ്റാണെന്നും നടപടി നേരിടേണ്ടി വരുമെന്നും കോടതി കടുത്ത ഭാഷയില്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
