Skip to main content

മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ച് ആര്‍.എസ്.എസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് ജൂലൈ 27-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്

 

2014 ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം പൊതുനന്മയെ ലാക്കാക്കിയുള്ളതാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായും രാഹുലിനാണെന്ന് കോടതി പറഞ്ഞു. ഇത്തരം പൊതുപരാമര്‍ശങ്ങള്‍ നടത്തുന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

 

കഴിഞ്ഞ നവംബറില്‍ വാദം കേട്ടപ്പോള്‍ മാപ്പ് പറഞ്ഞു വിഷയം അവസാനിപ്പിക്കാന്‍ രാഹുലിന് കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍, ഇത് നിരസിച്ച രാഹുല്‍ കേസ് വാദിക്കാനായി തീരുമാനിക്കുകയായിരുന്നു.

 

2014 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ താനെയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും അവര്‍ ഇപ്പോള്‍ ഗാന്ധിജിയെ കുറിച്ച് പറയുന്നുവെന്നും രാഹുല്‍ പറഞ്ഞതായാണ് ആരോപണം.