അവിചാരിതമായാണ് കേരളത്തില്‍ നിലവിലുളള മദ്യനയം വന്നത്. വീണത് വിദ്യയാക്കി യു.ഡി.എഫ് ന്ത്രിസഭ മദ്യനയത്തെ തങ്ങളുടെ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. എന്തു തന്നെയായാലും വിദേശമദ്യ ബാറുകള്‍ ഇല്ലാതായതിനു ശേഷം ഗണ്യമായ രീതിയില്‍ മദ്യലഭ്യത കുറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മദ്യപാനവും അതുമൂലമുണ്ടാകുന്ന ശല്യങ്ങളിലും കുറവ് വന്നിട്ടിട്ടുണ്ട്. അപകടങ്ങളുടെ തോതിലുണ്ടായ നേരിയ കുറവിലും അതിന്റെ പ്രതിഫലനം ഉണ്ടാകാം.മദ്യത്തിലും മദിരാക്ഷിയിലും മുങ്ങി പരിതാപകരമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ അവസ്ഥ. ഈ പശ്ചാത്തലത്തില്‍ രണ്ടു മാസങ്ങള്ക്കപ്പുറും നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ അനായാസം വിജയിച്ചു കയറുമെന്ന അമിതമായ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. അങ്ങനെ പ്രതിപക്ഷം ഒന്നും ചെയ്തില്ലെങ്കില്‍ തന്നെ ഈ സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റുകയാണെങ്കില്‍ ജനായത്ത സംവിധാനത്തിന്റെ പരാജയമായിട്ടു വേണം കരുതാന്‍. എന്നാല്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക് മടങ്ങി വരാനുള്ള വഴി എല്‍.ഡി.എഫ് തന്നെ തുറന്നിട്ടു കൊടുത്തിരിക്കുന്നതിന്റെ ചിത്രമാണിപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പരസ്യ മൊഴികളിലൂടെയും നിലപാടുകളിലൂടെയും സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സംരക്ഷിച്ചുപോരുകയായിരുന്നു. അവര്‍ ജയിലില്‍ വച്ചെഴുതിയ മുപ്പതു പേജുള്ള കത്തു പിന്‍വലിച്ചും, മജിസ്ട്രേറ്റിനോട് 164 പ്രകാരം നേരിട്ടു പറഞ്ഞ കാര്യങ്ങളെപ്പറ്റി വിശദമാക്കാതെയുമൊക്കെ. ഒരാഴ്ച മുന്‍പു വരെ കേസന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മീനോടും സരിത നിസ്സഹകരണത്തിലൂടെ ആ നിലപാട് നിലനിര്‍ത്തിപ്പോരുകയായിരുന്നു. പൊടുന്നനെയാണ് സരിത യു.ഡി.എഫ് മന്ത്രിസഭയെ പെട്ടന്ന് പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ നടത്തിയത്. ഇത് പ്രതിക്ഷം സരിതയെ ഉപയോഗിച്ചുകൊണ്ടു നടത്തുന്ന നാടകമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു. അത് വിശ്വസിക്കാന്‍ ഉതകുന്നതാണ് പുറത്തു വരുന്ന വെളിപ്പെടുത്തലുകള്‍. സരിതയെക്കൊണ്ട് ഇവ്വിധം നിലപാട് എടുപ്പിച്ചതിനുപിന്നില് താന്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ ഒരു ബാറുടമ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ കാരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം മാറ്റുമെന്നും ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ നടപടികള്‍ ആരംഭിക്കുമെന്നുമാണ്. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എല്‍. ഡി.എഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുനപ്പരിശോധിക്കുമെന്ന് അവര്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ തങ്ങള്‍ക്കനുകൂലമായ നിലപാടെടുക്കാന്‍ സരിതയെ സി.പി.എമ്മിലെ ഒരു നേതാവ് സമീപിക്കുകയും അതിന് പ്രതിഫലം വാഗ്ദാനം ചെയ്തതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതും സംശയലേശമന്യെ നിഷേധിക്കാന്‍
എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല. മദ്യത്തിന്റെയും വ്യഭിചാരവും തട്ടിപ്പുമായി നടന്ന ഒരു സ്ത്രീയേയും കൂട്ടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം ഭരണം പിടിക്കാന്‍ ശ്രമിക്കുന്നു എന്നുള്ള വാര്‍ത്ത നിലവിലുള്ള മന്ത്രിസഭ നേരിടുന്ന ആക്ഷേപങ്ങളേക്കാള് ദയനീയമായ അവസ്ഥയാണ്. അഴിമതിയും രാഷ്ടീയത്തിലെ അനഭിലഷണീയ നടപടികളുമാണ് വര്‍ഗ്ഗീയതയ്ക്കും മറ്റും ഇടമുണ്ടാക്കിക്കൊടുക്കുന്നതെന്നും കേരളം വ്യക്തമാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇപ്പോള്‍ തന്നെ ബി.ജെ.പി അവരുടെ ശക്തി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും പാര്‍ലമെണ്ട് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രകടമാക്കിയിട്ടുണ്ട്. അത്ിനെ കൂറേക്കൂടി മൂര്‍ത്തമാക്കാനുള്ള തയ്യാറെടുപ്പിലാണവര്. അവര്‍ ഇരുമുന്നണികളേയും കുറിച്ച് ഉന്നയിക്കുന്ന ആക്ഷേപത്തെ ശരിവയ്ക്കുന്ന വിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
ബാറുടമകള്‍ മദ്യം വിറ്റ് കാശുണ്ടാക്കുന്നവരാണ്. അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവൃത്തി അധമപ്രവര്‍ത്തിയാണ്. അതവര് പരസ്യമായി നാട്ടിലെ നിയമമനുസരിച്ച് ചെയ്യുന്നതുമാണ്. സ്വാഭാവികമായും സാമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ളതോ ധാര്മികമായതായോ ഉള്ള നടപടികള്‍ അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ അവര്‍ വേണമെങ്കില്‍ സ്വമേധയാ പോലും ഇടതുപക്ഷമുന്നണിയെ അധികാരത്തിലേറ്റാന്‍ അവര്‍ ശ്രമിച്ചെന്നിരിക്കും. അങ്ങിനെയാണെങ്കില്‍ പോലും ആ നീക്കത്തെ പരസ്യമായി തള്ളിപ്പറയാന്‍ മാത്രമുള്ള ആര്‍ജ്ജവം കാട്ടിയാല്‍ പോലും അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് അനായാസം ജയിച്ചു കയറാം. ആ സാഹചര്യം നിലവിലുള്ളപ്പോഴാണ് സരിതയേയും മദ്യക്കച്ചവടക്കാരേയും കൂട്ടുപിടിച്ചുകൊണ്ട് ഇടതുപക്ഷം ഭരണം പിടിക്കാന്‍ ഒരുങ്ങുന്നതെന്നുള്ള വാര്‍ത്തകള്‍ വിശ്വസനീയമാം വിധം പുറത്തു വരുന്നത്.
കേരളം കണ്ട ഏറ്റവും വലിയ തന്ത്ര-കുതന്ത്രശാലിയായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ഏതവസരത്തേയും എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന വ്യക്തിയാണദ്ദേഹം. സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി തെരഞഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അതും വളരെ വിദഗ്ധമായി. ഫെബ്രവരി മൂന്നിന് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള കെ.സി.ബി.എസ് സംഘം മുഖ്യമന്ത്രിയെ കാണുകയുണ്ടായി. തികച്ചും സ്വാഭാവികം എന്നു തോന്നാവുന്ന കൂടിക്കാഴ്ച. എന്നാല്‍ അത്ര നിഷ്കളങ്കമല്ല ആ കൂടിക്കാഴ്ച എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വ്യക്തമായി കാണാന്‍ കഴിയും. നിയമസഭ കൂടുന്നതിന് രണ്ടു ദിവസം മുന്‍പാണ് അതു നടന്നതെന്നുമാലോചിക്കണം. അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള തുടക്കം നിയമസഭയിലൂടെ ആരംഭിക്കാന്‍ പ്രതിപക്ഷം തയ്യാറെടുപ്പു നടത്തുന്നതിനിടയിലാണ് അതിനേക്കാള്‍ മുന്‍പേ മുഖ്യമന്ത്രി കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മദ്യനയത്തെ വിഷയങ്ങളുടെ താരസ്ഥാനത്ത് പ്രതിഷ്ടിക്കുന്ന പ്രക്രിയയാണ് കെ.സി.ബി.എസ് സംഘത്തിന്റെ നിവേദനത്തിലൂടെ നടപ്പായിരിക്കുന്നത്.
മദ്യനയം മാറ്റി മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ബാറുകള്‍ തുറക്കുമെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയം. മദ്യനയം നിലനിര്‍ത്തും എന്നുള്ള നിലപാടായിരിക്കും യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുക. സരിതയേയും ബാര്കോഴയേയും ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം യു.ഡി.എഫിനെ ആക്രമിക്കുമ്പോള്‍ സരിതയേയും മദ്യലോബിയേയും കൂട്ടുപിടിച്ചുകൊണ്ട് ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി അതേ നാണയത്തില്‍ തിരിച്ചടിക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിക്കു കഴിയും. മാത്രമല്ല ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണ വര്‍ധിതമായ തോതില്‍ ഉറപ്പിക്കാനും അതുവഴി കഴിയും. ഇടതുപക്ഷം അധികാരത്തില്‍ വരുന്നതിലുള്ള ആശങ്കയാണ് ഇന്ന് ആര്‍ച്ച് ബിഷപ്പ് ഇഗ്നാത്തിയോസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സംഘം മാധ്യമങ്ങളിലൂുടെ പ്രകടമാക്കിയത്. ഏതെങ്കിലും കാരണവശാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കാരണവശാലും വിദേശമദ്യബാറുകള്‍ തിരിച്ചുകൊണ്ടുവരാതിരിക്കാന് പാകത്തില്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. വെടിപൊട്ടിക്കാന്‍ ഇടതുപക്ഷം തോക്ക് തേച്ച് മിനിക്കുന്നതിനു മുന്‍പ് തന്നെ ഒരു വെടിക്ക് മുഖ്യമന്ത്രി അനേകം ഉണ്ടകള്‍ ഉതിര്ത്തിരിര്ക്കുകയാണ്. ഇന്ന് മുഖ്യമന്ത്രിയെ കണ്ട കെ.സി.ബി.എസ് സംഘം മാധ്യമങ്ങളിലൂടെ കേരളീയരോട് നിശബ്ധമെങ്കിലും ശക്തമായി ആഹ്വാനം ചെയ്തിരിക്കുന്നത് ഒരു കാരണവശാലും ഇടതുപക്ഷത്തെ അധികാരത്തില്‍ കയറ്റരുതെന്നും തങ്ങള്‍ ആഗ്രഹിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നുമാണ്.