Skip to main content
ആലപ്പുഴ

V.S Achuthanandan resignation

 

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ആലപ്പുഴയില്‍ റാലി നടക്കുന്ന സമയത്ത് മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും തലസ്ഥാന നഗരിയിലേക്ക് ആകര്‍ഷിക്കും വിധം വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിക്കുമെന്ന്‍ അറിയുന്നു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വി.എസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

 

വി.എസിനോട് അടുപ്പം പുലര്‍ത്തുന്നവരില്‍ പ്രമുഖരോടെല്ലാം തലസ്ഥാനത്തേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തിയ സമയം മുതല്‍ അദ്ദേഹം കൂടിയാലോചനകളില്‍ മുഴുകിയിരിക്കുകയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഐ.ടി.ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവുമായാണ് മുഖ്യമായും കൂടിയാലോചനകള്‍ നടത്തുന്നത്. ജോസഫ് മാത്യുവാണ് ഇപ്പോള്‍ കാര്യങ്ങളെ ഉള്ളിലിരുന്നുകൊണ്ട് മുഖ്യമായും നിയന്ത്രിക്കുന്നത്. ജോസഫ് മാത്യുവിനല്ലാതെ എന്താണ് വി.എസ്സിന്റെ മനസ്സിലിരിപ്പെന്ന്  വ്യക്തമായി ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന് ആവശ്യമായ വിധമുള്ള വിവരങ്ങളാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയോടെ സമയാസമയങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.

 

 തിങ്കളാഴ്ചത്തെ പാര്‍ട്ടിയുടെ റാലിയേയും പൊതുസമ്മേളനത്തേയും അപ്രസക്തമാക്കുന്നവിധമായിരിക്കും വി.എസ്സിന്റെ പ്രതിപക്ഷസ്ഥാനത്തു നിന്നുള്ള രാജിപ്രഖ്യാപനം. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള തന്റെ നിലപാടിനോട് യോജിപ്പുള്ള ജനത്തെ കൂടെ നിര്‍ത്തിക്കൊണ്ട് ഒരു ജനമുന്നേറ്റം ഉണ്ടാക്കാനുള്ള നീക്കത്തെക്കുറിച്ചാണ് ഇപ്പോള്‍ വി.എസ്സ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കാസര്‍കോഡ് നിന്ന് യാത്ര സംഘടിപ്പിക്കുന്നതിനേപ്പറ്റിയും ആലോചിച്ചു തുടങ്ങി. അങ്ങിനെയൊരു യാത്ര തുടങ്ങിയാല്‍ അതിന് ആവേശകരമായ പിന്തുണ മലയാള മനോരമ പത്രത്തിന്റേയും ചാനലിന്റേയും ഭാഗത്തുനിന്നുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. മനോരമ അത്തരത്തിലൊരു സംരഭത്തെ സ്‌പോണ്‍സര്‍ ചെയ്തുകൊള്ളും എന്ന ഭാഷയാണ് വി.എസ്സ് പുറത്തറിയണമെന്നാഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കുന്നവരുടെ ഭാഷ. വി.എസ്സ് ഇവ്വിധം മുന്നേറ്റവുമായി മുന്നേറിയാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനായാസം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതാണ് മനോരമ വി.എസ്സിനെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് പറായാന്‍ കാരണം.

 

സി.പി.ഐയും വി.എസ്സുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അവരുടെ ഭാഗത്തുനിന്നും വി.എസ്സിന് സഹായകമായ രീതിയില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായറിയുന്നു. എന്നാല്‍ ഏതു വിധമാണതെന്നുള്ളത് വ്യക്തമായിട്ടില്ല. പിണറായി വിജയന്‍ ഒരു കാരണവശാലും മുഖ്യമന്ത്രിയാകാന്‍ താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അനുവദിക്കില്ല എന്നതാണ് ആശയപരമോ , ജനകീയമോ ആയ കാരണങ്ങളേക്കാള്‍ വി.എസ്സിനെ പുതിയ നീക്കള്‍ക്ക് കൂടുതല്‍ പ്രേരകമായി പ്രവര്‍ത്തിക്കുന്നത്. ടി.പി.ചന്ദ്രശേഖര്‍ വധക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനെ ഉയര്‍ത്തിക്കാട്ടി , പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ സി.പി.എമ്മിനെ കൊലപാതരാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയെന്ന ഏകബിന്ദു പ്രചാരണമായിരിക്കും മുഖ്യമായും വി.എസ്സ് അഴിച്ചുവിടുക. അഴിമതിക്കും കൊലപാത രാഷ്ട്രീയത്തിനും എതിരേയുള്ള ജനമുന്നേറ്റമെന്ന നിലയ്ക്കായിരിക്കും വി.എസ്സ് .പൊതുസമൂഹത്തിലേക്ക് തന്റെ പ്രതിഛായയുമായി ഇറങ്ങുക.