Skip to main content

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ സര്‍ക്കാര്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. അവാര്‍ഡ്‌ പട്ടികയില്‍ ഇല്ലാത്ത ചിത്രത്തിന് പുരസ്കാരം നല്‍കിയതിന്‍റെ പേരിലാണ് സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുന്നത്. ജോഷി മാത്യു സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ‘ബ്ലാക്ക്‌ ഫോറസ്റ്റ്’ എന്ന ചിത്രമാണ് വിവാദങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

 

സര്‍ക്കാരിന്‍റെ നടപടി അവാര്‍ഡ്‌ കമ്മിറ്റിയെ അപമാനിക്കും തരത്തിലാണെന്നു പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍ ഉള്‍പ്പെടെയുള്ള ജൂറി അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ സര്‍ക്കാരിന്‍റെ അറിവോടു കൂടിയാണ് അവാര്‍ഡ്‌ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി അവകാശപ്പെട്ടു. അവാര്‍ഡിന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും ‘ബ്ലാക്ക്‌ ഫോറസ്റ്റ്’ എന്ന ചിത്രത്തിനെ ഒഴിവാക്കിയിരുന്നു. മാത്രമല്ല ജോഷി മാത്യു ചലച്ചിത്ര അക്കാദമി ഗവേര്‍ണിംഗ് അംഗമായതിനാല്‍ അവാര്‍ഡിന് അര്‍ഹതയില്ലെന്നും സിബി മലയില്‍ വ്യക്തമാക്കി.

 

തിങ്കളാഴ്ച സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം പ്രിഥ്വിരാജും മികച്ച നടിക്കുള്ള പുരസ്കാരം റീമ കല്ലിങ്കലും ജെ.സി ദാനിയേല്‍ പുരസ്കാരം സംവിധായകന്‍ ശശികുമാറും ഏറ്റുവാങ്ങി.