മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ അംഗവുമായിരുന്ന കിരണ്‍ ബേദി വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബേദി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
അണ്ണാ ഹസാരെ സംഘത്തില്‍ ഉള്ളവര്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) രൂപീകരിച്ചപ്പോള്‍ വിട്ടുനിന്നവരില്‍ പ്രമുഖയാണ് കിരണ്‍ ബേദി. ബേദിയ്ക്കൊപ്പമുണ്ടായിരുന്ന മുന്‍ കരസേനാ മേധാവി ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയില്‍ ചേരുകയും നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗവുമാണ്. ബേദിയായിരിക്കും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് സൂചനയുണ്ട്.
എ.എ.പി വിട്ട ഷാസിയ ഇല്‍മിയും ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. രാഷ്ട്രീയ ലോക്ദള്‍ ടിക്കറ്റില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചലച്ചിത്ര താരം ജയപ്രദയും പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുന്‍പ് തെലുങ്കുദേശം പാര്‍ട്ടിയിലും സമാജ്വാദി പാര്‍ട്ടിയിലും അംഗമായിരുന്നു ജയപ്രദ.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാളിനെതിരെ സ്ഥാനാര്‍ഥിയായി ഈ മൂന്ന് പേരില്‍ ആരെങ്കിലും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിനെയാണ് ഇവിടെ അരവിന്ദ് കേജ്രിവാള് പരാജയപ്പെടുത്തിയത്.
ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
