ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കത്തില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം. വാരികയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രത്യേക ലക്കത്തിന്റെ 30 ലക്ഷം പ്രതികളാണ് അച്ചടിക്കുന്നത്. 16 ഭാഷകളില്‍ ഈ ലക്കം പുറത്തിറങ്ങും.
തിങ്കളാഴ്ച പുറത്തുവിട്ട കവര്‍ ചിത്രത്തില്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന തലവാചകത്തിന് താഴെ ഞാന്‍ ഷാര്‍ളി എന്ന ബോര്‍ഡും പിടിച്ചുനില്‍ക്കുന്ന നബിയുടെ ചിത്രമാണുള്ളത്. ഡിസംബര്‍ ഏഴ് ബുധനാഴ്ച നടന്ന ആക്രമണത്തിന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ഞാന്‍ ഷാര്‍ളി എന്ന പേരില്‍ ജനങ്ങള്‍ വാരികയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
വാരികയുടെ പത്രാധിപര്‍ അടക്കം എട്ട് മാദ്ധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരും ഒരു ജീവനക്കാരനും ഒരു അതിഥിയുമാണ് ഷാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേരത്തെ, മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ചിട്ടുള്ള വാരികയാണ് ചാര്‍ളി ഹെബ്ദോ. പ്രവാചകന് വേണ്ടി പ്രതികാരം നിര്‍വ്വഹിച്ചിരിക്കുന്നു എന്ന് അക്രമികള്‍ പ്രഖ്യാപിച്ചിരുന്നു.
സാധാരണ 30,000 പ്രതികളാണ് ഷാര്‍ളി ഹെബ്ദോയുടെ വില്‍പ്പന. ഫ്രാന്‍സില്‍ നിന്നും വിദേശത്ത് നിന്നും ഉയര്‍ന്ന അഭൂതപൂര്‍വമായ ആവശ്യത്തെ തുടര്‍ന്നാണ് മൂന്ന് ലക്ഷം പ്രതികള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസാധകര് പറഞ്ഞു.
വാരികയുടെ അവശേഷിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരാണ് പ്രത്യേക ലക്കം തയ്യാറാക്കുന്നത്. ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് പോലീസിന്റെ നിയന്ത്രണത്തിലായതിനാല്‍ ഫ്രഞ്ച് ദിനപത്രമായ ലിബറേഷന്റെ ഓഫീസില്‍ മറ്റൊരു പത്രമായ ലെ മോണ്ട് നല്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വാരിക തയ്യാറാക്കിയത്. ഫ്രാന്‍സിലും വിദേശത്തുമുള്ള മാദ്ധ്യമങ്ങള്‍ സാമ്പത്തിക സഹായം നല്കി.

