Skip to main content
ന്യൂഡല്‍ഹി

dalbir singh suhagബോഡോ വിഘടനവാദികളുടെ ആക്രമണമുണ്ടായ അസ്സമിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് ശനിയാഴ്ച അസ്സമിലെത്തി. വിഘടനവാദികള്‍ക്കെതിരെ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച ശേഷം സുഹാഗ് വ്യക്തമാക്കിയിരുന്നു.

 

ഗുവാഹത്തിയിലെത്തുന്ന സുഹാഗ് ചൊവ്വാഴ്ച ആക്രമണമുണ്ടായ സോനിത്പൂര്‍, കോക്രജാര്‍ ജില്ലകള്‍ സന്ദര്‍ശിക്കും. ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണിയില്‍ (സോംഗ്ബിജിത്ത് വിഭാഗം) പെട്ടവരാണ് ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്ക് നേരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത്. ആക്രമണങ്ങളിലും തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളിലും പോലീസ് വെടിവെപ്പിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയിട്ടുണ്ട്.

 

ബോഡോ വിഘടനവാദികളുടെ സാന്നിദ്ധ്യമുള്ള അസ്സം, അരുണാചല്‍ പ്രദേശ്‌, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും അയല്‍രാജ്യങ്ങളായ ഭൂട്ടാനിലേയും മ്യാന്‍മാറിലേയും സൈന്യങ്ങളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് സുഹാഗിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് 70 പേര്‍ വീതം വരുന്ന 66 സൈനിക വിഭാഗങ്ങളെ അസ്സമില്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്.