Skip to main content
ന്യൂഡല്‍ഹി

 

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുപ്രീം കോടതി. ക്ഷേത്രസുരക്ഷയ്ക്കാണോ അമിക്കസ് ക്യൂറിയെ മാറ്റുന്നതിനാണോ രാജകുടുംബം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആരാഞ്ഞു.

 

കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ തനിക്കെതിരെയുള്ള വ്യക്തിപരമായ വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചതായും ഈ നിലയില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. താന്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജകുടുംബത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന കാലത്ത് ക്ഷേത്രഭരണത്തില്‍ നടന്ന ക്രമക്കേടുകള്‍ ഗോപാല്‍ സുബ്രഹ്മണ്യം ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, അമിക്കസ് ക്യൂറിയെ നിയോഗിച്ചത് തങ്ങളാണെന്ന് രാജകുടുംബത്തെ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രത്തില്‍ ചെയ്യേണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്ന 129 കാര്യങ്ങളില്‍ എതിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലത്തിലൂടെ സമര്‍പ്പിക്കാന്‍ കോടതി രാജകുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

രാജകുടുംബത്തിന്റെ തലവനും ക്ഷേത്രം ട്രസ്റ്റിയുമായ മൂലം തിരുനാള്‍ രാമവര്‍മ കഴിഞ്ഞ ദിവസം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ക്ഷേത്രത്തിനകത്തെ നടപടികളെ വിമര്‍ശിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.