Skip to main content
ന്യൂഡല്‍ഹി

delhi assembly

 

സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് രാഷ്ട്രപതിയോട് ചൊവ്വാഴ്ച ശുപാര്‍ശ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ.എ.പി) എന്നിവയുടെ പ്രതിനിധികളുമായി ജങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മൂന്ന്‍ പാര്‍ട്ടികളും നിലപാടെടുത്തത്.

 

സര്‍ക്കാറിന്റെ രാജിയോടെ മരവിപ്പിച്ച് നിര്‍ത്തിയ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി എ.എ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ 11-നകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ലെഫ്റ്റ. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ലെഫ്റ്റ. ഗവര്‍ണറും കേന്ദ്ര സര്‍ക്കാറും കാലതാമസം കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

 

 

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ രാജി വെച്ചതിന് ശേഷം ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലാണ്. 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‍, കോണ്‍ഗ്രസ് പിന്തുണയോടെയാണ് എ.എ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, പാര്‍ട്ടിയുടെ പ്രധാന പ്രചാരണവിഷയമായിരുന്ന ജനലോക്പാല്‍ ബില്ലില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന്‍ 49 ദിവസങ്ങള്‍ക്ക് ശേഷം കേജ്രിവാള്‍ രാജി വെക്കുകയായിരുന്നു.

 

നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിയുടെ ഉത്തരവ് വരുന്നതോടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Tags