തലശ്ശേരിക്കടുത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജ് വധിക്കപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ എട്ടുപേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസ് നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സാധാരണ ജനജീവിതത്തെ ബാധിച്ചു.
കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമനേയും കണ്ടാലറിയാവുന്ന എഴ് സി.പി.ഐ.എം പ്രവര്‍ത്തരേയും പ്രതിചേര്‍ത്താണ് പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകനായ വിക്രമന്‍ മുമ്പും പല കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവം അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ടി.പി പ്രേമരാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. രാജ്നാഥ് സിങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് വിഷയത്തില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.
വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. സംസ്ഥാനത്ത് പലയിടത്ത് നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ മൂന്നിടത്ത് ബോംബേറുണ്ടായി. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു.
കതിരൂരടക്കം കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ സായുധ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച കാലത്ത് കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍ മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വടിവാളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.