Skip to main content
ന്യൂഡല്‍ഹി

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കോടതിയുടെ കണ്ടെത്തലിനെ ചോദ്യം ചെയ്തും 1886-ലെ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന്‍ 142 അടിയായി ഉയര്‍ത്തുന്നത് തടഞ്ഞ് കേരളം 2006-ല്‍ പാസ്സാക്കിയ നിയമം മെയ് ഏഴിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് തള്ളിയിരുന്നു.

 

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഉന്നതാധികാര റിപ്പോർട്ട് മാത്രമാണ് സുപ്രീം കോടതി  പരിഗണിച്ചതെന്നും അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ കേരളം പറയുന്നു. 1886-ലെ ജലം പങ്കുവെയ്ക്കല്‍ കരാറിന് നിയമസാധുതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ പുന:പരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറിലാണ് കേള്‍ക്കുകയെന്നതിനാലാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചിട്ടുള്ളത്.