Skip to main content
റിയോ ഡി ജെനിറോ

 

ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ച ഉറുഗ്വയുടെ ലുയിസ് സുവാരസിന് നേരെ ഫിഫ വ്യാഴാഴ്ച കടുത്ത അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ചു. ഉറുഗ്വ ദേശീയ ടീമിന്റെ ഒന്‍പത് കളികളില്‍ നിന്നും അടുത്ത നാല് മാസത്തേക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതടക്കം ഫുട്ബാള്‍ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫിഫ സുവാരസിനെ വിലക്കി. ഒരു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയും വിധിച്ചിട്ടുണ്ട്.  

 

ഇതോടെ ഉറുഗ്വയുടെ ലോകകപ്പ് പ്രതീക്ഷകളുടെ നേടുംതൂണായിരുന്ന സുവാരസിനെ സംബന്ധിച്ചിടത്തോളം ബ്രസീല്‍ ലോകകപ്പ് അവസാനിച്ചിരിക്കുകയാണ്. കൊളംബിയയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം മുതല്‍ വിലക്ക് നിലവില്‍ വരും. ലോകകപ്പില്‍ നിന്ന്‍ തങ്ങളെ പുറത്താക്കുന്നതിന് തുല്യമാണ് ഈ കടുത്ത നടപടിയെന്ന് ഉറുഗ്വ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍മര്‍ വാള്‍ഡസ് പ്രതികരിച്ചു.

 

ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ കളി തോറ്റ ഉറുഗ്വയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത് ഇംഗ്ലണ്ടിനെതിരെ സുവാരസിന്റെ രണ്ടു ഗോളുകളുടെ സഹായത്തോടെ നേടിയ വിജയമാണ്. ലോകകപ്പിന് മുന്‍പ് പരിക്ക് അലട്ടിയിരുന്ന സുവാരസ് ആദ്യകളിയില്‍ കളിച്ചിരുന്നില്ല. അവസാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ തോല്‍പ്പിച്ചാണ് ഉറുഗ്വ പ്രീ-ക്വാര്‍ട്ടറില്‍ കടന്നത്.   

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സുവാരസ് കളിക്കുന്ന ലിവര്‍പൂളിന്റെ ലീഗിലെ ആദ്യകളികളും ഇതുമൂലം സുവാരസിന് നഷ്ടപ്പെടും. ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ ലിവര്‍പൂളിന്റെ ആദ്യ മൂന്ന്‍ കളികളും സുവാരസിന് നഷ്ടമാകും. കഴിഞ്ഞ സീസണില്‍ സുവാരസിന്റെ പ്രകടനത്തിന്റെ മികവിലാണ് ലിവര്‍പൂള്‍ നേട്ടങ്ങള്‍ കൊയ്തത്.

 

എതിരാളിയെ കടിച്ചതിന്റെ പേരില്‍ ഇത് മൂന്നാം തവണയാണ് സുവാരസ് നടപടി നേരിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം ചെല്‍സിയയുടെ ബ്രനിസ്ലാവ് ഇവാനോവിച്ചിനെ കടിച്ചതിന്റെ പേരില്‍ സുവാരസ് പത്ത് കളികളില്‍ വിലക്ക് നേരിട്ടിരുന്നു. ഹോളണ്ടില്‍ അയാക്സ് ആംസ്റ്റര്‍ഡാമിന് കളിക്കവേ പി.എസ്.വി ഐന്തോവന്റെ ഒട്ട്മാന്‍ ബാക്കലിനെ കടിച്ചതിന് 2010-ല്‍ ഏഴു കളികളിലും സുവാരസിന് വിലക്ക് കിട്ടിയിരുന്നു.