Skip to main content
ഗുരുവായൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായ രീതിയില്‍ പരാമർശിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിലെ പേജ് വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിൻ പുറത്തിറക്കിയത്. മാഗസിന്റെ ഭാഗമായി ചേർത്തിട്ടുള്ള പദപ്രശ്‌നത്തിൽ നരേന്ദ്ര മോദിയെക്കൂടാതെ ഉമ്മൻ ചാണ്ടി, മൻമോഹൻ സിംഗ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, രാഹുൽ ഗാന്ധി, അരവിന്ദ് കേജ്രിവാൾ, അമൃതാനന്ദമയി എന്നിവരെ കുറിച്ചും മോശം പരാമർശങ്ങളുണ്ട്. മാഗസിന്‍റെ എണ്‍പതാമത്തെ പേജിലാണ് വിവാദ പരാമർശങ്ങൾ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

നരേന്ദ്ര മോദിയെ ലോകത്തിലെ വിപരീത വ്യക്തിത്വങ്ങളുടെ ഗണത്തില്‍പ്പെടുത്തി ചിത്രീകരിച്ച തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ “ലിറ്റ്സ് കോലിഗ” എന്ന മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ അടക്കം ആറുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാഗസിനില്‍ ബിന്‍ ലാദന്‍, അജ്മല്‍ അമീര്‍ കസബ്, വീരപ്പന്‍, ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം മോദിയെയും ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ഇതേതുടര്‍ന്ന്‍ മാഗസിന്‍ പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു.

bjp and cartoons

 

മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മോദിയ്ക്കെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ ഗോവയിലെ ഒരു യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടേയും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് പൂനയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ മോഹ്‌സീന്‍ സാദിഖ് ഷെയ്ഖ് എന്ന മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. കേസില്‍ ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.