Skip to main content

 

നടന്‍ ദിലീപ് ഏറണാകുളം കുടുംബക്കോടതിയില്‍ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചു. കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും താനും ഭാര്യ മഞ്ജുവും ഏറെക്കാലമായി വേറിട്ട്‌ ജീവിക്കുകയാണെന്നും ദിലീപ് അറിയിച്ചു. അടുത്തമാസം 23-ന് കേസ് പരിഗണിക്കും. അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസാണ് ദിലീപിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

ഒരു വര്‍ഷമായി താനും ഭാര്യയും പിരിഞ്ഞു ജീവിക്കുകയാണെന്നും ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മഞ്ജു വാര്യര്‍ നഷ്ടപരിഹാരമായി വലിയ ഒരു തുക ആവശ്യപ്പെട്ടെന്നും അത് നല്‍കാന്‍ ദിലീപ് തയ്യാറാകാത്തതിനാലാണ് വിവാഹമോചനം വൈകുന്നതെന്നും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളൊന്നും ദിലീപിന്‍റെ ഹര്‍ജിയില്‍ ഇല്ല എന്നാണ് ലഭിച്ച വിവരം.

 

ഇവരുടെ മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനൊപ്പമാണ് താമസം. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിലീപും മഞ്ജു വാര്യരും പ്രണയിച്ച് വിവാഹം കഴിച്ചത്. അതിനുശേഷം മഞ്ജു വാര്യര്‍ അഭിനയം നിറുത്തി. ഇപ്പോള്‍  മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രം 'ഹൗ ഓള്‍ഡ് ആര്‍ യു ' തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ നിന്ന് മഞ്ജു വാര്യരെ ഒഴിവാക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നു.