നരേന്ദ്ര മോഡിയുടെ 45 അംഗ മന്ത്രിസഭയില്‍ 40 പേരും ബി.ജെ.പിയില്‍ നിന്ന്. നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) ഘടകകക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 282 അംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ലോകസഭയില്‍ തനിച്ച് കേവല ഭൂരിപക്ഷമുണ്ട്. ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ആറിന് മോഡിയും മന്ത്രിസഭാംഗങ്ങളും ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന് അങ്കണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബി.ജെ.പി അടക്കം 29 പാര്‍ട്ടികളുള്ള സഖ്യത്തില്‍ 12 പാര്‍ട്ടികള്‍ക്കാണ് പതിനാറാമത് ലോകസഭയില്‍ പ്രതിനിധികളുള്ളത്. ഇതില്‍ രണ്ടംഗളുള്ള ഉത്തര്‍ പ്രദേശിലെ അപ്നാ ദളിനും ഓരോ അംഗങ്ങളുള്ള മറ്റ് അഞ്ച് പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. രാജ്യസഭയില്‍ ഓരോ അംഗങ്ങള്‍ ഉള്ള മറ്റ് രണ്ട് പാര്‍ട്ടികള്‍ കൂടി സഖ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇവരേയും പരിഗണിച്ചിട്ടില്ല. ഈ പാര്‍ട്ടികളില്‍ മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവലെ) നേതാവ് രാംദാസ് അതാവലെ എല്ലാ എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏഴു സ്ത്രീകളാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ ആറുപേര്‍ക്കും ക്യാബിനറ്റ് പദവിയുണ്ട്. അമേത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് തോറ്റ സ്മൃതി ഇറാനിയെ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സ്മൃതി.
പഞ്ചാബിലെ അമൃതസര്‍ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മോഡിയുടെ അടുത്ത ആളായി അറിയപ്പെടുന്ന അരുണ്‍ ജെയ്റ്റ്ലി മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമെന്ന് വ്യാപകമായി കരുതപ്പെട്ടിരുന്ന മുതിര്‍ന്ന നേതാക്കള്‍ മുരളി മനോഹര്‍ ജോഷിയും അരുണ്‍ ഷൂരിയും പട്ടികയില്‍ ഇടം കണ്ടില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതിലുള്ള അനിഷ്ടം പരോക്ഷമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോഷി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പുറമേ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, സദാനന്ദ ഗൌഡ, ഗോപിനാഥ് മുണ്ടെ, കല്‍രാജ് മിശ്ര, മനേക ഗാന്ധി, അനന്ത് കുമാര്‍, രവി ശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ്ങ് തോമാര്‍, ജുവല്‍ ഒറാം, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്മൃതി ഇറാനി, ഉമാ ഭാരതി, നജ്മ ഹെപ്തുള്ള, രാധാമോഹന്‍ സിങ്ങ്, ഹര്‍ഷ വര്ദ്ധന് എന്നീ 19 പേരാണ് ക്യാബിനറ്റിലെ ബി.ജെ.പി മന്ത്രിമാര്‍. നാല് സഖ്യകക്ഷികള്‍ക്ക് ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. ലോക് ജനശക്തി പാര്‍ട്ടി മേധാവി റാം വിലാസ് പാസ്വാന്, ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഭാര്യയുമായ ഹര്‍സിമ്രാട്ട് കൗര്‍, തെലുങ്കുദേശം പാര്‍ട്ടി നേതാവ് അശോക് ഗജപതി രാജു, ശിവസേന നേതാവ് അനന്ത് ഗീതെ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാരാകുക.
സ്വതന്ത്ര ചുമതലയുള്ള പത്ത് സഹമന്ത്രിമാരും ബി.ജെ.പി പ്രതിനിധികളാണ്. മുന്‍ കരസേനാ മേധാവി വി.കെ സിങ്ങ്, റാവു ഇന്ദ്രജിത്ത് സിങ്ങ്, സന്തോഷ് കുമാര്‍ ഗംഗ്വര്, ശ്രിപദ് നായക്, ധര്‍മേന്ദ്ര പ്രധാന്, സര്‍ബാനന്ദ സോനോവാള്‍, പ്രകാശ് ജാവേദ്കര്, പീയുഷ് ഗോയല്‍, ഡോ. ജീതേന്ദ്ര സിങ്ങ്, നിര്‍മല സീതാരാമന് എന്നിവര്‍ക്കാണ് സ്വതന്ത്ര ചുമതലയോടെ സഹമന്ത്രിസ്ഥാനം ലഭിക്കുക.
11 സഹമന്ത്രിമാരില്‍ ഒരാളൊഴികെ എല്ലാവരും ബി.ജെ.പി പ്രതിനിധികളാണ്. ജി.എം സിദ്ധേശ്വര, മനോജ് സിന്‍ഹ, പൊന്‍ രാധാകൃഷ്ണന്, കിരെന്‍ റിജു, കൃഷന് പാല് ഗുജ്ജര്‍, സഞ്ജീവ് കുമാര്‍ ബല്യന്, മന്‍സുഖ്ഭായ് ധന്‍ജിഭായ് വാസവ, റാവുസാഹബ് ദാദാറാവു ദാന്‍വെ, വിഷ്ണുദേവ് സഹായി, സുദര്ശന് ഭഗത് എന്നീ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ബീഹാറിലെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുഷ്വഹയെയാണ് സഹമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.