Skip to main content
ന്യൂഡല്‍ഹി

modi at rajghat

 

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഇന്ന്‍ (തിങ്കളാഴ്ച) വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മോഡിയ്ക്കും മന്ത്രിസഭാംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിസഭാംഗങ്ങളുടെ പട്ടിക നരേന്ദ്ര മോഡി രാഷ്ട്രപതിയ്ക്ക് കൈമാറി.

 

മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറവായിരിക്കുമെന്ന്‍ ഞായറാഴ്ച വൈകിട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മോഡി അറിയിച്ചിരുന്നു. ചെറിയ മന്ത്രിസഭയും മെച്ചപ്പെട്ട ഭരണവുമാണ് ലക്ഷ്യമിടുന്നതും പുതിയ ഒരു തൊഴില്‍ സംസ്കാരം മന്ത്രിസഭയില്‍ വളര്‍ത്തിയെടുക്കുമെന്നും പ്രസ്താവന പറയുന്നു. 24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 11 സഹമന്ത്രിമാരും അടങ്ങുന്ന 45 അംഗങ്ങളാണ് മോഡി മന്ത്രിസഭയില്‍ ഉണ്ടാകുക.  

 

4000 പേരോളം അടങ്ങുന്ന അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ എത്തുക. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ, മൌറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം എന്നിവര്‍ ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് അടക്കം ഏഴു സാര്‍ക്ക് രാഷ്ട്രങ്ങളിലേയും മൌറീഷ്യസിലേയും ഭരണകര്‍ത്താക്കള്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഔദ്യോഗിക ക്ഷണമുള്ളത്.    

 

രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി മോഡി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ വസതിയിലെത്തിയും മോഡി സന്ദര്‍ശിച്ചു. തുടര്‍ന്ന്‍ ഗുജറാത്ത് ഭവനിലെത്തിയ മോഡി വിവിധ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, രവി ശങ്കര്‍ പ്രസാദ്, വെങ്കയ്യ നായിടും അനന്ത് കുമാര്‍, ഉമാ ഭാരതി, ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എന്നിവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം മന്ത്രിസഭയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുമെന്ന് കരുതപ്പെടുന്നു.