ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഏപ്രില്‍ 15ന് മുമ്പുള്ള തത്സ്ഥിതി പാലിക്കണമെന്ന് ഇന്ത്യ ചൊവ്വാഴ്ച ചൈനയോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 15ന് ചൈനീസ് സൈന്യം നിയന്ത്രണ രേഖ കടന്നതായി ഇന്ത്യ ആരോപിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കിടെ രണ്ടാമത്തെ ഫ്ലാഗ് മീറ്റിംഗ് ചൊവ്വാഴ്ച നടന്നിരുന്നു. ഇതിന് ശേഷമായിരുന്നു വിദേശകാര്യ വകുപ്പ് പരസ്യ പ്രസ്താവന നടത്തിയത്.
ലഡാക്കിലെ ദൌലത് ബേഗ് ഓള്‍ഡി സെക്ടറില്‍ ഇരുസൈന്യങ്ങളും നേര്‍ക്ക്‌നേര്‍ നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ന്യൂഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പിന്റെ വക്താവ് സയെദ് അക്ബറുദ്ദീന്‍ സമ്മതിച്ചു. എന്നാല്‍ ഇത് പ്രാദേശികമായ സ്ഥിതി മാത്രമാണെന്നും ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിച്ച സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കുന്നതിലാണ് ഊന്നലെന്നും വക്താവ് പറഞ്ഞു.
സമാധാനപരമായ രീതിയില്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ബീജിങ്ങില്‍ ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ക്ഷുന്‍യിങ്ങും പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യയുടെ ആരോപണങ്ങള്‍ ചൈന നിഷേധിച്ചിരുന്നു.
എന്നാല്‍ ദൌലത് ബേഗ് സെക്ടറിലെ ബര്‍ത്തില്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ വശത്ത് 10 കിലോമീറ്റര്‍ ഉള്ളില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് സൈന്യം ഇതുവരെ പിന്‍വാങ്ങിയിട്ടില്ല.