മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. എറണാകുളത്ത് കളമശേരിയിലും തിരുവനന്തപുരത്ത് കടകംപള്ളിയിലും നടത്തിയ തട്ടിപ്പുകളാണ് സി.ബി.ഐ അന്വേഷിക്കുക. തട്ടിപ്പിനിരയായ പത്തടിപ്പാലം സ്വദേശി ഷെറീഫ, നാസര്‍, കടകംപള്ളി സ്വദേശി പ്രേംചന്ദ് എന്നിവരുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ വിധി. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് തന്നെ ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിച്ചേക്കും.
ഒന്‍പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം നടത്തി. വിശ്വാസ്യതയില്ലാത്ത പഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ തട്ടിപ്പില്‍ സലിംരാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമായിരുന്നു. ഇരുവരും വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയാണെന്ന് ആയിരുന്നു ആരോപണം. കേസിലെ ഉന്നതല ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും വ്യക്തമാണെന്നും എന്നാല്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.