Skip to main content
ന്യൂഡല്‍ഹി

indian army

 

ലോകത്തെ രണ്ടാമത്തെ വലിയ കരസേനയായ ഇന്ത്യന്‍ കരസേന രൂക്ഷമായ ആയുധ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്ന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഒരു യുദ്ധം നടന്നാല്‍ പരമാവധി 20 ദിവസം പൊരുതാനുള്ള ആയുധങ്ങള്‍ പോലും സേനയുടെ പക്കലില്ല. ഇത് ചുരുങ്ങിയത് 40 ദിവസമായിരിക്കണമെന്നാണ് ചട്ടം.

 

തിരകള്‍, ടാങ്കുകള്‍, വ്യോമപ്രതിരോധം, പീരങ്കി യൂണിറ്റുകള്‍ മുതല്‍ സൈനികരുടെ വരെ എണ്ണത്തില്‍ സേന പരിമിതി നേരിടുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. കരസേന റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

 

യുദ്ധത്തില്‍ ഉപയോഗിക്കാനുള്ള ആയുധങ്ങളുടെ (വാര്‍ വേസ്റ്റേജസ് റിസര്‍വ്സ് -ഡബ്ലിയു.ഡബ്ലിയു.ആര്‍) അളവ് 2015-ഓടെ 50 ശതമാനമാക്കണമെന്ന കരസേനാ മേധാവി ബിക്രം സിങ്ങിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. 40 ദിവസത്തെ കടുത്ത യുദ്ധത്തിനാവശ്യമായ ഡബ്ലിയു.ഡബ്ലിയു.ആര്‍ ഉണ്ടായിരിക്കണമെന്നാണ് സേനയുടെ മാനദണ്ഡം. സര്‍ക്കാര്‍ 19,250 കോടി രൂപ അനുവദിച്ചാല്‍ 2019-ല്‍ ഈ നില കൈവരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനം.  

 

കരസേനയ്ക്ക് പുറമേ രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളും കടുത്ത ആയുധ ക്ഷാമം നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇംഗ്ലീഷ് പത്രമായ മെയില്‍ ടുഡേ മാര്‍ച്ച് 19-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ (സി.ആര്‍.പി.എഫ്) ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ചുവപുനാടയില്‍ കുടുങ്ങിക്കിടക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. 85,000 ജവാന്‍മാര്‍ക്കായി അനുവദിച്ച ബുള്ളറ്റ് പ്രൂഫ്‌ ഹെല്‍മറ്റുകളുടെ എണ്ണം 50,000 ആണെങ്കില്‍ ആകെ ലഭ്യമായിട്ടുള്ളത് 800 എണ്ണം മാത്രമാണെന്നായിരുന്നു റിപ്പോര്‍ട്ട്.