ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്തെ ജല-വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ രണ്ടാഴ്ചയായി നടത്തിവന്ന നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കും. എന്നാല്‍ വര്‍ധനക്കെതിരെ രണ്ടാം ഘട്ട സമരം ഉടന്‍ തുടങ്ങുമെന്ന് കേജ്രിവാള്‍ അറിയിച്ചു. മാര്‍ച്ച് 23 നാണ് നിരാഹാരം ആരംഭിച്ചത്.
രണ്ടാം ഘട്ട ‘നിയമലംഘന’സമരത്തിന്റെ ഭാഗമായി ബില്ലടക്കാത്തതിനാല്‍ വൈദ്യുതിബന്ധം വേര്‍പെടുത്തിയ വീടുകളില്‍ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് കേജ്രിവാള്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ പത്തു ലക്ഷത്തോളം പേര്‍ പരാതിയില്‍ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരം വോട്ടുകള്‍ നേടാന്‍ ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ നിരാഹാര’മാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത്ത് ആരോപിച്ചു. നിരക്ക് വര്‍ധനക്ക് എതിരെയുള്ള സമരം നിയമവിധേയമായ മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യണമെന്ന് ബി.ജെ.പി. വക്താവ് നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.