ജന ലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മന്ത്രിസഭ രാജിവെച്ചു. വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതൃയോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു രാജി. ബില്‍ പാസാക്കാനായില്ലെങ്കില്‍ രാജി വെക്കുമെന്ന് കേജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ബില്‍ അവതരിപ്പിക്കാന്‍ എ.എ.പി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ എം.എസ് ധിറിനു കത്ത് നല്‍കി. തുടര്‍ന്ന്‍ വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കുന്നതിന് അനുമതി തേടി സ്പീക്കര്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു. സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും എതിര്‍ത്തതോടെ 27-നെതിരെ 42 വോട്ടുകള്‍ക്ക് ബില്‍ അവതരണ അനുമതി നിഷേധിക്കപ്പെട്ടു.
രാജിവെച്ചതിന് ശേഷം കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും നേരെ കടുത്ത വിമര്‍ശനമാണ് കേജ്രിവാള്‍ ഉന്നയിച്ചത്. പ്രകൃതിവാതക വിലനിര്‍ണ്ണയത്തില്‍ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ ദിവസം എ.എ.പി സര്‍ക്കാര്‍ കേസെടുത്ത റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയ്ക്ക് വേണ്ടിയാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്ന് കേജ്രിവാള്‍ ആരോപിച്ചു.
ഡല്‍ഹി നിയമസഭ പിരിച്ചുവിടാനും ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനും രാജിക്കത്തില്‍ കേജ്രിവാള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാന ആവശ്യവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കും കേജ്രിവാള്‍ കത്തയച്ചു.