ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കിയെന്നും അറുപതു വര്‍ഷം കൊണ്ടുണ്ടാകാത്ത വികസനം വെറും അറുപതു മാസം കൊണ്ട് ഇവിടെ യാഥാര്‍ഥ്യമാക്കി തരാമെന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ബി.ജെ.പി നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി.
കേന്ദ്രത്തിലല്ല കേരളത്തിലാണ് മൂന്നാം മുന്നണി വേണ്ടതെന്നും ഇടത്-വലത് മുന്നണികള്‍ ശത്രുത നടിക്കുന്നുണ്ടെങ്കിലും ഒത്തുകളിക്കുകയാണെന്നും മോഡി പറഞ്ഞു. മൂന്ന് പതിറ്റാണ്ട് ബംഗാള്‍ സി.പി.ഐ.എം ഭരിച്ചിട്ട് അവിടെ ദാരിദ്രം അല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്നും അവിടുള്ളവര്‍ക്ക് കാര്യങ്ങളൊക്കെ മനസിലാക്കി തെറ്റു തിരുത്തി കഴിഞ്ഞു. ഇനി കേരളത്തിലുള്ളവര്‍ അതൊക്കെ മനസിലാക്കി തെറ്റു തിരുത്തണം.
ടി.പി ചന്ദ്രശേഖരന് വധത്തെയും കെ.കെ രമയുടെ നിരാഹാര സമരത്തെയും കുറിച്ച് പരാമര്‍ശിക്കവെ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോഡി എയ്തുവിട്ടത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരായ കമ്യൂണിസ്റ്റുകാര്‍ തങ്ങളെ ജനം സ്വീകരിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് മൂന്നാം മുന്നണി എന്ന നാടകം കളിക്കുന്നത്. ജനാധിപത്യം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പിടിച്ചെടുക്കലാണ്.
എല്‍.എല്‍.ജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ കേരളവും ഗുജറാത്തും ഒരുമിച്ചാണ് 1998-ല്‍ നടപടി തുടങ്ങിയത്. ഗുജറാത്തില്‍ 2004 ആയപ്പോള്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 2014 ലും പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടങ്ങാനായിട്ടില്ല. 2000 കോടി രൂപ മുടക്കിലാണ് ഗുജറാത്തില്‍ ടെര്‍മിനല്‍ സ്ഥാപിച്ചത്. 4500 കോടി വേണ്ടി വരുമെന്നാണ് കേരളത്തിന്റെ കണക്ക്.
കേരളത്തിന്റെ സമ്പദ്ഘടന തന്നെ മാറ്റി മറിക്കാവുന്ന വരുമാനം ശബരിമലയില്‍ നിന്ന് ലഭിക്കുമേന്നിരിക്കെ ശബരിമലയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നും നരേന്ദ്ര മോഡി ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച റാലിയില്‍ മൂന്ന് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ബിജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ പങ്കെടുത്തു.