Skip to main content
ന്യൂഡല്‍ഹി

aam admi party symbol broomലോകസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 350-ലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി). സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാ പട്ടിക പാര്‍ട്ടി പുറത്തിറക്കി. നിലവിലെ ലോകസഭയിലെ 162 ‘കളങ്കിത’ അംഗങ്ങളുടെ മണ്ഡലങ്ങളില്‍ തങ്ങള്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

 

റോയല്‍ ബാങ്ക് ഓഫ് സ്കോട്ട് ലാന്‍ഡ് മുന്‍ സി.ഇ.ഒ മീര സന്യാല്‍, സാമൂഹ്യ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായ മയാങ്ക് ഗാന്ധി എന്നിവരാണ് സാധ്യതാ പട്ടികയിലെ പ്രമുഖര്‍. ഇരുവരും മഹാരാഷ്ട്രയില്‍ മുംബൈയിലെ മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുക.

 

അഴിമതിയും രാഷ്ട്രീയത്തിലെ ക്രിമിനല്‍ സ്വാധീനവുമാണ് പാര്‍ട്ടി പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കുകയെന്ന്‍ വക്താവ് സഞ്ജയ്‌ സിങ്ങ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളതോ എ.എ.പി അഴിമതി ആരോപണം ഉന്നയിച്ചതോ ആയ 162 പാര്‍ലിമെന്റംഗങ്ങളുടെ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍, കമല്‍ നാഥ്, ഫാറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെ മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. ടുജി സ്പെക്ട്രം അഴിമതി കേസില്‍ ആരോപണം നേരിടുന്ന മുന്‍മന്ത്രി എ. രാജയേയും എ.എ.പി ലക്ഷ്യം വെക്കുന്നു.  

 

വ്യാഴാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ദേശീയ സമിതി വെള്ളിയാഴ്ച ചേരുന്നുണ്ട്. ജനലോക്പല്‍ ബില്ലിന്റെ കരടും ഡെല്‍ഹിയിലെ എ.എ.പി മന്ത്രിസഭ വെള്ളിയാഴ്ച പാസാക്കിയേക്കും.