Skip to main content
ന്യൂഡല്‍ഹി:

ഡല്‍ഹി ജലബോര്‍ഡില്‍ വ്യാപകസ്ഥലമാറ്റം.  ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത് .ഡല്‍ഹി ജല ബോര്‍ഡിന്‍റെ ചെയര്‍ പേഴ്സണ്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നിര്‍ദേശാനുസരണമാണ് സ്ഥലം മാറ്റ ഉത്തരവ്.

 പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ബോര്‍ഡിലെ സി.ഇ.ഒ ദെബരിഷ് മുഖര്‍ജിയെ സ്ഥലം മാറ്റിയിരുന്നു. ഒരേ സ്ഥലത്തുതന്നെ മൂന്നു വര്‍ഷത്തിലേറെ ജോലി ചെയ്തുവന്നവരെയാണ് സ്ഥലം മാറ്റിയതെന്ന് ബോര്‍ഡ് വക്താവ് അറിയിച്ചു. ജലവിതരണ വിഭാഗത്തിലെ മൂന്ന് ജീവനക്കാര്‍ കൈക്കുലി വാങ്ങുന്ന ദൃശ്യം ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് കൂട്ട സ്ഥലമാറ്റം.

ഡല്‍ഹിയില്‍ ജലബോര്‍ഡിന്റെ കണക്ഷന്‍ എടുത്തിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും 700 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുമെന്നായിരുന്നു എം.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു ദിവസത്തിനകം 667 ലിറ്റര്‍ സൗജന്യ കുടിവെള്ളം നല്‍കി കെജ്‌രിവാള്‍ വാക്കുപാലിച്ചു.

 ബോര്‍ഡിലെ ക്രമക്കേടും അഴിമതിയും തടയുന്നതിനു നടത്തിയ പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ശക്തമായിരുന്നു. കുടിവെള്ള ടാങ്കര്‍ മാഫിയയെ സഹായിക്കുന്നതിന് നഗരത്തിന്റെ പല ഭാഗത്തും കൃത്രിമ ജലക്ഷാമം സൃഷ്ടിച്ച് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഡല്‍ഹിയില്‍ പ്രതിദിന ഉപഭോഗം 1,100 മില്യണ്‍ ഗാലനാണ്. ജലബോര്‍ഡ് 800 മില്യണ്‍ ഗാലണ്‍ വെള്ളമെത്തിക്കുന്നുണ്ട്. 2017 ഓടെ ആവശ്യകത 1,400 മില്യണ്‍ ഗാലണായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്‌.

Tags