Skip to main content
ധാക്ക

bangladesh elections

 

വ്യാപകമായ അക്രമങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങി. പ്രതിപക്ഷ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ വധിക്കുകയും നൂറിലധികം പോളിംഗ് ബൂത്തുകള്‍ക്ക് തീ വെക്കുകയും ചെയ്തു.

 

പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. എതിരില്ലാത്തതിനാല്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഭരണപക്ഷ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇതിലൂടെ തെരഞ്ഞെടുപ്പിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും വോട്ടെടുപ്പുമായി മുന്നോട്ടു പോകാനായിരുന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗ് സര്‍ക്കാറിന്റെ തീരുമാനം.

 

എട്ടു മണിക്ക് വോട്ടെടുപ്പ് തുടങ്ങിയെങ്കിലും പല പോളിംഗ് ബൂത്തുകളിലും ആരും വോട്ടുചെയ്യാന്‍ എത്തിയിട്ടില്ലെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താക്കൂര്‍ഗാവ് ജില്ലയിലാണ് രാത്രി നടന്ന അക്രമത്തില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ കൊല ചെയ്യപ്പെട്ടത്. ഇവിടെ പോളിംഗ് ബൂത്തുകള്‍ ഉള്ള 127 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രതിപക്ഷ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ തീ കൊളുത്തിയതായും  പോലീസ് അറിയിച്ചു.

 

പ്രതിപക്ഷത്തിന്റെ പണിമുടക്കും ബന്ദും മൂലം തലസ്ഥാനമായ ധാക്ക മറ്റ് പ്രദേശങ്ങളില്‍ നിന്ന്‍ ഒറ്റപ്പെട്ട നിലയിലാണ്. പുറത്തിറങ്ങുന്ന സാധാരണക്കാര്‍ക്ക് നേരെയും അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് സ്വതന്ത്ര കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബംഗ്ലാദേശ് ദേശീയവാദി പാര്‍ട്ടി (ബി.എന്‍.പി) നേതൃത്വത്തിലുള്ള 18 പാര്‍ട്ടികളടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പും ബി.എന്‍.പി സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് നേരെയുള്ള 1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തിലെ യുദ്ധക്കുറ്റ വിചാരണയുമായി ബന്ധപ്പെട്ടും രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ രാജ്യത്ത് 2013-ല്‍ ചുരുങ്ങിയത് 275 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

പ്രതിപക്ഷ ബഹിഷ്കരണത്തെ തുടര്‍ന്ന്‍ ഹസീനയുടെ അവാമി ലീഗിന്റേയും സഖ്യകക്ഷികളുടേയും സ്ഥാനാര്‍ഥികള്‍ 300-ല്‍ 154 സീറ്റില്‍ എതിരില്ലാത്തതിനാല്‍ വിജയിച്ച് കഴിഞ്ഞു. 

Tags